environment

പാലക്കാട്: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ ആറമത് കരടുപട്ടികയിലെ ഭൂപടത്തെക്കുറിച്ച് മലയോരമേഖലയിൽ ആശങ്ക ഒഴിയുന്നില്ല. ജില്ലയിൽ 14 വില്ലേജുകളാണ് പട്ടികയിലുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ആറാമതു കരടു വിജ്ഞാപനത്തെ സംബന്ധിച്ച് പരാതി സമർപ്പിക്കാനുള്ള സമയ പരിധി 28ന് അവസാനിക്കും. 60 ദിവസത്തിനകം പരാതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണമെന്നാണു കരടു വിജ്ഞാപനത്തിൽ ഉള്ളത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതികൾ പോസ്റ്റ് കാർഡായോ ഇമെയിലായോ അയയ്ക്കാം.

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി, പുതിയ മാപ്പ് കേന്ദ്രത്തിനു നൽകിയെന്നു സംസ്ഥാന സർക്കാർ പറയുമ്പോൾത്തന്നെ കൃത്യമായ മാപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാരിനായിട്ടില്ല. ഇതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കേരളം ഒഴികെയുള്ള എല്ലാ പ്രദേശങ്ങളുടെയും ഇ.എസ്.എ ഭൂപടങ്ങൾ ഉണ്ട്. കേരളത്തിന്റെ ഭൂപടം വിജ്ഞാപനത്തിൽ കാണാനില്ല.

കേരളത്തിന്റേത് ജൈവവൈവിധ്യ ബോർഡ് സൈറ്റിൽ ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും വെബ്‌സൈറ്റിലുള്ളത് കുറേ സർവേ നമ്പറുകൾ മാത്രമാണെന്നും ജിയോ കോ ഓർഡിനേറ്റ്സുള്ള ഫയലുകൾ ഇല്ലെന്നും കർഷക സംഘടനകൾ ആരോപിച്ചു.

കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ടു ലഭ്യമായ മാപ്പുകൾ മുൻപു പഞ്ചായത്തുകൾ സമർപ്പിച്ച മാപ്പുകൾ തന്നെയാണോ എന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലെന്നാണു കർഷകരുടെ പരാതി.

ജില്ലയിൽ പട്ടികയിലുള്ളത് 14 വില്ലേജുകൾ

ജില്ലയിൽ മുൻപ് 13 വില്ലേജുകൾ ആണ് ഇ.എസ്‌.ഐയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ പുതിയ കരടു വിജ്ഞാപനത്തിൽ 14 വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. കിഴക്കഞ്ചേരി1, അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, മുതലമട1, മുതലമട2, നെല്ലിയാമ്പതി, പാലക്കയം, മലമ്പുഴ1, പുതുശേരി ഈസ്റ്റ്, പുതുപ്പരിയാരം വില്ലേജുകളാണിത്. ഇവിടെയുള്ളവരാണു പരാതി കൃത്യമായി നൽകേണ്ടത്.

കേരള പരിസ്ഥിതി വകുപ്പിന്റെ വെബ്‌സൈറ്റിൽ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.

സണ്ണി കിഴക്കേക്കര, കിഫ ജില്ലാ പ്രസിഡന്റ്.


ഫീൽഡ് തല പരിശോധന നടത്തി പഞ്ചായത്ത് ബോർഡ് മീറ്റിംഗിൽ അംഗീകരിച്ച് സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിനു കഴിഞ്ഞ മേയ് മാസം നൽകിയ കെ.എം.എൽ ഫയലുകൾക്കു പകരം വർഷങ്ങൾക്കു മുൻപ് ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി തയാറാക്കിയ മാപ്പാണു നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബോബി ബാസ്റ്റിൻ, കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ്.