press

ആദ്യഘട്ടത്തിൽ സ്റ്റേഷനറി ഡിപ്പാർട്ട്‌മെന്റ് പ്രസിൽ എത്തിച്ചത് 70 റീൽ പേപ്പർ

 ഇതിൽ 55 റീൽ ഇപ്പോൾ തന്നെ ഉപയോഗിച്ചു കഴിഞ്ഞു

ഇനി 15 റീൽ പേപ്പർ മാത്രമാണ് ബാക്കിയുള്ളത്

ഷൊർണൂർ: ജില്ലയിലെ തന്നെ ഏക സർക്കാർ അച്ചടി സ്ഥാപനമായ ഷൊർണൂർ പ്രസിൽ പേപ്പറില്ല എന്ന പ്രശ്നത്തിനു പരിഹാരമായി. 70 റീൽ പേപ്പറാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനറി ഡിപ്പാർട്ട്‌മെന്റ് പ്രസിൽ എത്തിച്ചത്. ഇതിൽ 55 റീൽ ഇപ്പോൾ തന്നെ ഉപയോഗിച്ചു കഴിഞ്ഞു. ഇനി 15 റീൽ പേപ്പർ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത ഘട്ടത്തിൽ ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ് പ്രിന്റ് ചെയ്യുന്നതിന് 50 റീൽ പേപ്പർ കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷനറി ഡിപ്പാർട്ട്‌മെന്റ് രണ്ടാം ഘട്ടമായി ഇവ കൂടി പ്രസിലെത്തിക്കും. ആശുപത്രിയുടെ ആവശ്യങ്ങൾക്കും, ലറ്റർപാഡ് ആവശ്യങ്ങൾക്കും 2000 റീം പേപ്പർ കൂടി പ്രസിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഒരു റീൽ പേപ്പറിൽ 20,000 കോപ്പിയാണ് പ്രിന്റ് ചെയ്യുന്നത്. 1960 ൽ സർക്കാർ സ്ഥാപിച്ച പ്രസിൽ 105 ബൈൻഡർമാരും 14 പ്രിന്റർമാരുമുൾപ്പെടെ ഇരുനൂറിലധികം തൊഴിലാളികളാണുള്ളത്. 40,000 കോപ്പികൾ വരെ അച്ചടിക്കാനുള്ള സംവിധാനങ്ങളും ആവശ്യത്തിന് ബൈൻഡർമാരും ഇവിടെ നിലവിലുണ്ട്. പേപ്പർ ലഭ്യമാകാതായതോടെ ആരോഗ്യ, തദ്ദേശ മേഖലകൾ തുടങ്ങിയവയുടെ ജോലികൾ എല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരുന്നു. കോഴിക്കോട്, പാലക്കാട്, മഞ്ചേരി, തൃശൂർ തുടങ്ങിയ 4 മെഡിക്കൽ കോളജുകളുടെ മുഴുവൻ അച്ചടി ജോലിയും ഷൊർണൂർ സർക്കാർ പ്രസിലാണ് ചെയ്യുന്നത്.