machine
കൊയ്ത്ത് യന്ത്രം

പാലക്കാട്: നെല്ല് സംഭരണത്തിനുള്ള തയ്യാറെടുപ്പ് സർക്കാർ തലത്തിലായില്ലെങ്കിലും പാലക്കാടൻ പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് തുടങ്ങി. തമിഴ്നാട്ടിൽ നിന്ന് കൂടുതൽ യന്ത്രങ്ങളെത്തിച്ചാണ് ഇത്തവണ കൊയ്ത്ത് നടത്തുന്നത്.

മഴമാറി നിൽക്കുന്ന സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി വേഗത്തിൽ കൊയ്ത്ത് പൂർത്തിയാക്കി പത്തായം നിറയ്ക്കാനാണ് നെല്ലറയിലെ കർഷകരുടെ ശ്രമം. വിളവെടുപ്പിന് ശേഷം മനസറിഞ്ഞ് കൈപിടിക്കേണ്ടത് സപ്ലൈക്കോയാണ്. കാട്ടാനയുടെയും പന്നിയുടെയും ആക്രമണ ഭീഷണി മറികടന്ന് നട്ട് നനച്ചുണ്ടാക്കിയ വിളകൾ യഥാസമയം സംഭരിക്കാൻ ഇത്തവണയെങ്കിലും സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. മഴയൊഴിഞ്ഞ അന്തരീക്ഷം തുടർന്നാൽ ഈയാഴ്ച തന്നെ നെല്ല് ഉണക്കി താൽക്കാലിക സംഭരണ കേന്ദ്രത്തിലേക്ക് മാറ്റാനാവുമെന്നാണ് പാടശേഖര സമിതികളുടെ പ്രതീക്ഷ. മഴ കനത്താൽ പരിമിത സൗകര്യമുള്ള കർഷകർക്ക് നെല്ലളന്ന് സൂക്ഷിക്കുക പ്രതിസന്ധിയാവും.

 കൊയ്ത്ത് യന്ത്രം തമിഴ്നാട്ടിൽ നിന്ന്

ചേറുള്ള പാടത്തും കൊയ്യാൻ സാധിക്കുന്ന ബെൽറ്റിലോടുന്ന യന്ത്രങ്ങളാണ് തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നത്. മണിക്കൂറിനു 2400 മുതൽ 2600 രൂപ വരെയാണു വാടക. മുൻവർഷത്തേതിനേക്കാൾ വലിയ തോതിൽ വാടക കൂട്ടിയിട്ടില്ലെന്നത് ഇക്കുറി കർഷകർക്ക് ആശ്വാസകരമാണ്. ഒരു മണിക്കൂറിൽ ഒരേക്കർ പാടം കൊയ്യാൻ സാധിക്കും. യന്ത്രക്കൊയ്ത്തിൽ മെതിക്കേണ്ട ആവശ്യം വരുന്നില്ല. പാടത്തു ചേറുണ്ടെങ്കിൽ ടയറിൽ ഓടുന്ന കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാനാകില്ല. പാലക്കാട് രണ്ടാംവിളയിൽ മാത്രമേ ടയർ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കാനാകൂ. ആലത്തൂരിൽ കെ.ഡി.പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിറ പദ്ധതി വഴി മണിക്കൂറിന് 2300 രൂപ വാടക നിരക്കിൽ കൊയ്ത്ത് യന്ത്രം ലഭ്യമാക്കും.

 ലോഡിംഗ് പോയിന്റ് നിർണയം കൂടിയാലോചനയ്ക്ക് ശേഷം

നെല്ലുസംഭരണത്തിന് കർഷകർ നെല്ലെത്തിക്കേണ്ട ലോഡിംഗ് പോയിന്റ് നിർണയിക്കുന്നത് പാടശേഖരസമിതികളുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് സപ്ലൈകോ നെല്ലുസംഭരണവിഭാഗം. തത്തമംഗലം പുത്തൻകളം ചന്ദ്രൻചാമി മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ഒന്നാംവിള സീസൺ മുതൽ ലോഡിംഗ് പോയിന്റിൽ കർഷകർ നെല്ലെത്തിക്കണമെന്നായിരുന്നു സപ്ലൈകോ അറിയിച്ചിരുന്നത്. എന്നാൽ കർഷകർക്ക് ഇതേറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകരുമായി കൂടിയാലോചിച്ച് നെല്ലെടുപ്പിന് ഒറ്റത്തവണ നിശ്ചയിക്കുന്ന സ്ഥലമാണ് ലോഡിംഗ് പോയിന്റായി കണക്കാക്കുന്നത്. തുടർന്നുവരുന്ന എല്ലാ വിളക്കാലത്തും ഇതേസ്ഥലം കർഷകന് തിരഞ്ഞെടുക്കാവുന്ന തരത്തിലാവും സജ്ജീകരണം. കർഷകരുടെ ആശങ്ക പരിഗണിച്ച് ഇക്കുറി ഒന്നാംവിളയ്ക്ക് രജിസ്‌ട്രേഷൻ സമയത്ത് കർഷകരോട് ലൊക്കേഷൻ പോയിന്റ് രേഖപ്പെടുത്താൻ നിർദേശിച്ചിട്ടില്ലെന്നും സപ്ലൈകോ മാനേജർ അറിയിച്ചു.