കൂലിയില്ല, നൂൽ ലഭിക്കുന്നില്ല
പെരുവെമ്പ്: സ്വദേശീയതയെ തുന്നിയോജിപ്പിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിച്ച പാരമ്പര്യമുള്ള കൈത്തറി തൊഴിലാളികൾ ഇന്ന് ജീവിതത്തിന്റെ ഇഴയടുപ്പം നിലനിറുത്താൻ കഷ്ടപ്പെടുകയാണ്. കൂലി ലഭിച്ചിട്ട് മാസങ്ങളായി. വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഉയരാൻ സാധിക്കാത്തതിനാൽ ഏകദേശം പൂർണമായി കേന്ദ്ര, കേരള സർക്കാരുകളെ മാത്രം ആശ്രയിച്ചാണ് കൈത്തറി വ്യവസായം നിലനിൽക്കുന്നത്. ഇതിനിടെ കേന്ദ്രം റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു. ഇപ്പോൾ, സംഘങ്ങൾക്ക് ആവശ്യത്തിനുള്ള നൂൽ ലഭിക്കുന്നില്ല. വാങ്ങുന്ന നൂലിന് 18 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തിയതും പ്രതിസന്ധി കൂട്ടുന്നു. നിലനിൽപ്പ് ഭീഷണിയിലായ കൈത്തറി മേഖല സർക്കാറിന്റെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, വടവന്നൂർ, പെരുവെമ്പ്, ചിറ്റൂർ, തത്തമംഗലം, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിലായി ആയിരത്തിലധികം കൈത്തറി നെയ്ത്ത് കുടുംബങ്ങളാണുള്ളത്. 30 വർഷം മുമ്പുവരെ സജീവമായിരുന്ന കൈത്തറി വസ്ത്ര നിർമ്മാണ മേഖല നിലവിൽ പത്തിലൊന്നായി ചുരുങ്ങിയ അവസ്ഥയിലാണ്. ഓണക്കാലത്ത് മാത്രമാണ് ഇവിടെ തറിയുടെ ശബ്ദം കേൾക്കുന്നത്. കൊല്ലങ്കോട് മേഖലയിൽ മാത്രം 300 കുടുംബങ്ങളാണ് കൈത്തറി വസ്ത്രങ്ങൾ നെയ്‌തെടുത്ത് വിൽപന നടത്തി ഉപജീവന മാർഗം തേടിയിരുന്നത്. നിലവിൽ ഇത് പത്തിലൊന്നായി കുറഞ്ഞു. വിവിധ പ്രദേശങ്ങളിൽ കൈത്തറി സഹകരണ സംഘങ്ങളിലൂടെയാണ് നിലവിൽ നെയ്ത്തും വസ്ത്ര ഉത്പാദനവും വിൽപനയും നടക്കുന്നത്. കൊല്ലങ്കോട് പഞ്ചായത്തിലെ നെയ്ത്ത് കുടുംബങ്ങളിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്ന് പിൻമാറി. കൈത്തറി വസ്ത്രത്തിന് ആവശ്യക്കാർ കുറഞ്ഞതും ആധുനിക യന്ത്രത്തിൽ ഉൽപാദിപ്പിക്കുന്ന വസ്ത്രത്തിന്റെ വിലക്കുറവും പരമ്പരാഗത വസ്‌ത്ര നിർമാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. നാടൻ കൈത്തറി യന്ത്രത്തിൽ ഒരു ദിവസം പണിയെടുത്താൽ രണ്ട് മുണ്ടുകൾ നെയ്‌തെടുക്കാം. 300 രൂപയാണ് ഇതിനുള്ള കൂലി. വ്യവസായ വകുപ്പാണ് ഇത്തരം സഹകരണ സംഘങ്ങളിലെ നെയ്ത്ത് യന്ത്രങ്ങൾ തകരാറിലാകുമ്പോൾ അറ്റകുറ്റപ്പണി ചെയ്യുന്നത്. നെയ്ത്ത് സംഘങ്ങളിൽ അത്യാധുനിക നെയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയാൽ ശേഷിക്കുന്ന തൊഴിലാളികളെയെങ്കിലും സംരക്ഷിക്കാനാകുമെന്ന് ആദ്യകാല നെയ്ത്തുകാർ പറയുന്നു.