muthalamada
മുതലമട പഞ്ചായത്ത് ഓഫീസ്

 ആദിവാസി ഫണ്ട് പാഴാക്കിയത് 98 ലക്ഷം
 ലൈഫ് മിഷനിൽ പാഴായത് 7 കോടി രൂപ
 കുടുംബശ്രീയിൽ 27 ലക്ഷം പാഴായി
 കഴിഞ്ഞ വേനലിൽ കുടിവെള്ളം എത്തിച്ച ടാങ്കറുകൾക്ക് 21 ലക്ഷം കൊടുത്തിട്ടില്ല
 400 ശൗചാലയം നിർമ്മാണം പെന്റിംഗിൽ
 എസ്.ടി വിഭാഗത്തിന് ഒരു പഠനമുറി പോലും കിട്ടിയിട്ടില്ല.
 കഴിഞ്ഞ വർഷം അനുവദിച്ച 36 മേൽപ്പുരകൾ പാഴാക്കി

 ആദിവാസി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം ജൂൺ മുതൽ മുടങ്ങി

മുതലമട: കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്തായ മുതലമടയിൽ 2023-2024 വർഷം വകയിരുത്തിയ കോടിക്കണക്കിനു രൂപയുടെ ഫണ്ടുകളിൽ ഭൂരിഭാഗവും ചിലവഴിക്കാതെ പാഴാക്കി. കഴിഞ്ഞ വർഷം ആദിവാസികൾക്കായി വകയിരുത്തിയ 2.21 കോടിയിൽ 98 ലക്ഷം ചിലഴിക്കാതെ പാഴാക്കി. എസ്.സി വിഭാഗത്തിനുള്ള 2 കോടിയിൽ 68 ലക്ഷം പാഴായി. ലൈഫ് മിഷനിൻ 9 കോടി വകയിരുത്തിയെങ്കിലും 7 കോടി ചിലവഴിച്ചില്ല. പൊതു വിഭാഗത്തിൽ വകയിരുത്തിയ 3.84 കോടിയിൽ 54 ലക്ഷം പാഴായി. മാവ് കർഷകർക്കനുവദിച്ച 30 ലക്ഷം രൂപയും പ്രാബല്യത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിൽ 475 കട്ടിൽ എത്തിയെങ്കിലും വിതരണം നടത്താനായിട്ടില്ല. ഉദ്യോഗസ്ഥരുടെ അഭാവം ആദിവാസി ഫണ്ട് ഉൾപ്പെടെയുള്ള പദ്ധതികളെയും പഞ്ചായത്തിന്റെ ഭരണനിർവഹണത്തെയും ഗുരുതരമായി ബാധിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി പറഞ്ഞു.

വി.ഇ.ഒ ഇല്ലാത്തത് തിരിച്ചടിയായി
പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ(വി.ഇ.ഒ) ഇല്ലാതായിട്ട് 6 മാസമായി. ലൈഫ് മിഷൻ, ശുചിമുറി അറ്റകുറ്റപ്പണി,​ മേൽപ്പുര, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, ശുചിത്വ പ്രോജക്ടുകൾ തുടങ്ങി ഒട്ടേറെ പദ്ധതികളെ ഇത് സാരമായി ബാധിച്ചു. തേക്കടി വനപാത, ചുള്ളിയാർ പുഴ പാലം, വാതക ശ്മശാനം, ഖരമാലിന്യ പ്ലാന്റ്, സോളാർ തൂക്ക് വേലി, 13 പുതിയ അങ്കണവാടികളുടെ നിർമ്മാണം, സ്‌കൂൾ കുട്ടികളുടെ പ്രഭാത ഭക്ഷണം, സ്ട്രീറ്റ് ലൈറ്റ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ ഉൾപ്പെടെ വിവിധ ജനക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. 2024-25 വർഷത്തേക്കുള്ള പദ്ധതി ഭേദഗതികൾ ജില്ലാ ആസൂത്രണ സമിതിയിലേക്ക്(ഡി.പി.സി) സമർപ്പിക്കാൻ കളക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം പ്രത്യേക യോഗം വിളിച്ചിരുന്നു. ഇന്ന് ഭരണസമിതി ചേർന്ന് പദ്ധതികൾ തയ്യാറാക്കി ഡി.പി.സിയിലേക്ക് അയയ്ക്കാനാണ് തീരുമാനം.