lottery
പാലക്കാട്-തമിഴ്‌നാട് അതിർത്തി പ്രദേശമായ വേലന്താവളത്ത് പ്രവർത്തിക്കുന്ന ലോട്ടറി വില്പനശാലകൾ

ചിറ്റൂർ: കേരള ഭാഗ്യക്കുറി ഓണം ബംബറിന്റെ ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്നത് തമിഴ്‌നാട്ടിൽ. പാലക്കാട് അതിർത്തിയിലെ ലോട്ടറി വില്പനശാലകളിൽ ഓണം ബംബർ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് ടിക്കറ്റുകൾ തമിഴ്‌നാട്ടിൽ വിറ്റഴിക്കുന്നതായാണ് അതിർത്തിയിലെ ലോട്ടറി വില്പനക്കാർ പറയുന്നത്. മുൻകാലങ്ങളിൽ കാണാത്ത തിക്കും തിരക്കുമാണ് അതിർത്തിയിലെ ലോട്ടറി വില്പനശാലകളിൽ കാണുന്നത്. ബംബർ ടിക്കറ്റുവാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തുന്നവർ ക്യൂ നിൽക്കുകയാണ്. ടിക്കറ്റിന് 500 രൂപയാണ് വില എങ്കിലും ഇവർക്കതു പ്രശ്നമല്ല. തമിഴ് നാട്ടിൽ ലോട്ടറി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ നിന്നെത്തുന്നവർ കേരള ലോട്ടറിക്കായി ആയിരങ്ങളാണ് മുടക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും ഇവർ ഓണം ബംബർ വാങ്ങി കൂട്ടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ടിക്കറ്റ് വില്പന വൻ തോതിൽ വർദ്ധിച്ചതായി അതിർത്തിയിലെ കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബർ ഒമ്പതിനാണ് ഓണം ബംബർ നറുക്കെടുപ്പ്.

 ടിക്കറ്റ് വാങ്ങാൻ ഇടനിലക്കാരും

തമിഴ്‌നാട്ടുകാർ ജ്യോത്സ്യൻ പ്രവചിക്കുന്നതനുസരിച്ചുള്ള ദിവസങ്ങളിലും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് പതിവാണ്. ടിക്കറ്റുകൾ നേരിൽ വന്നു വാങ്ങുന്നതിനു പുറമെ കടകളിൽ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനും സൗകര്യം ഏർപ്പെടുത്തും. പണം ഫോൺ പേ വഴി അടയ്ക്കും. കോയമ്പത്തൂർ, പൊളളാച്ചി, മധുര, ദിണ്ടി ക്കൽ, പഴണി, സേലം ജില്ലകളിൽ നിന്നുള്ളവരാണ് ലോട്ടറി ടിക്കറ്റിനായി കേരളത്തിൽ കൂടുതലായും എത്തുന്നത്. പാലക്കാടിന്റെ അതിർത്തി പ്രദേങ്ങളായ വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം,​ വാളയാർ എന്നിവിടങ്ങളെല്ലാം ലോട്ടറി വില്പന മാർക്കറ്റായി മാറിക്കഴിഞ്ഞു. ഇവിടങ്ങളിൽ ചെറുതും വലുതുമായ നൂറുകണക്കിന് ലോട്ടറി കടകളാണ് പ്രവർത്തിക്കുന്നത്. ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റ് വില്പനയിൽ സംസ്ഥാനത്തുമുന്നിൽ നിൽക്കുന്നത് പാലക്കാടാണ്. കോടികളുടെ ടിക്കറ്റ് വാങ്ങി കൂട്ടിയിട്ടും പലസ്ഥലത്തും ടിക്കറ്റിന് ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. അമിത വാടക നൽകി നൂറുകണക്കിനാളുകളാണ് പാലക്കാടിന്റെ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ളത്. ഇവർ തന്നെയാണ് തമിഴ് നാട്ടിലെ ടിക്കറ്റ് വില്പനക്ക് ചുക്കാൻ പിടിക്കുന്നത്.