പാലക്കാട്: ഭിന്നശേഷിക്കാർക്ക് വരുമാനം ഉറപ്പാക്കുക, പനയുത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന സർക്കാർ വിപണനകേന്ദ്രങ്ങൾക്ക് തുടക്കംകുറിക്കുന്നു. കേരള സംസ്ഥാന പനയുത്പന്ന വികസന കോർപറേഷനും (കെൽപാം) സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപറേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കരിപ്പെട്ടി, കൽക്കണ്ടം, നൊങ്ക്, പാംപൈൻ സർബത്ത് ഉൾപ്പെടെയുള്ള പ്രകൃതിദത്ത ശീതളപാനീയങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി കെൽപ്പാമിന്റെ 80 ശതമാനം ഉത്പന്നങ്ങൾ വിപണന കേന്ദ്രത്തിലൂടെ ലഭ്യമാക്കും. ഇതുകൂടാതെ ലോട്ടറി, പാൽ തുടങ്ങി ഇതര ഉത്പന്നങ്ങളും ഭിന്നശേഷിക്ഷേമ കോർപറേഷനുകീഴിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളും വിൽപ്പന നടത്താനാകും.
സബ്‌സിഡിയോടെ ഒരു ലക്ഷം രൂപ വായ്പ
തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് പദ്ധതിക്കായി ഭിന്നശേഷിക്ഷേമ കോർപറേഷൻ നിശ്ചിത സബ്സിഡിയോടെ ഒരുലക്ഷം രൂപ വായ്പ അനുവദിക്കും. ഈ തുക ഉപയോഗിച്ച് വൈദ്യുതി സൗകര്യം, റെഫ്രിജറേറ്റർ, കെറ്റിൽ തുടങ്ങിയ സംവിധാനങ്ങളോടെ കെൽപാം ആണ് കേന്ദ്രങ്ങൾ സജ്ജീകരിക്കുക. പിന്നീട് ഇവ ഗുണഭോക്താവിനു നിശ്ചിത വാടകനിരക്കിൽ കൈമാറും. അഞ്ചുവർഷത്തിനകം വായ്പത്തുക പലിശയടക്കം കെൽപാംതന്നെ തിരിച്ചടയ്ക്കും.
കെൽപ്പാം വിലയിൽ ചെറിയ ഇളവോടെ നൽകുന്ന പനയുത്പനങ്ങൾ വിറ്റ്, 30 ശതമാനം കമ്മിഷൻ തുക വിൽപ്പനക്കാർക്ക് സ്വന്തമാക്കാം. കെൽപാമിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കുക.