muthalamada
വൈദ്യുത തൂക്കു വേലിയുടെ നിർമ്മാണോദ്ഘാടന സംഘാടകസമിതി രൂപീകരണയോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നകുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.

 നിർമ്മാണോദ്ഘാടനം 28ന് നടക്കും

 നിർമ്മാണച്ചെലവ് 1.62 കോടി രൂപ
 നിർമ്മാണം 3 ഘട്ടങ്ങളിലായി പൂർത്തീകരിക്കും.

മുതലമട: മലയോര കർഷകർക്ക് വന്യമൃഗശല്ല്യത്തിൽ നിന്ന് സംരക്ഷണം നൽകാൻ മുതലമടയിൽ 13 കിലോമീറ്റർ വൈദ്യുത തൂക്കുവേലി നിർമ്മിക്കും. വേലിയുടെ നിർമ്മാണം 28ന് മുതലമടയിൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകൾ സംയുക്തമായാണ് നിർമ്മാണം. 1.62 കോടി ചെലവിൽ തമിഴ്നാട് അതിർത്തിയായ ചമ്മണാംപതി മുതൽ ചപ്പക്കാട് വെള്ളാരം കടവ് വരെയാണ് ആദ്യഘട്ടത്തിൽ തൂക്കു വേലി നിർമ്മിക്കുക. 90 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും, 30 ലക്ഷം രൂപ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും ബാക്കി തുക മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളും വഹിക്കുമെന്ന് സംഘാടകസമിതി സ്വാഗതസംഘം രൂപീകരണയോഗത്തിൽ റേഞ്ച് ഓഫീസർ കെ.പ്രമോദ് കുമാർ പറഞ്ഞു. 49 കിലോമീറ്റർ ചുറ്റളവിൽ മൂന്ന് റേഞ്ചുകൾ എങ്കിലുംആവശ്യമാണ്. നിലവിൽ ഒരു റേഞ്ച് ഓഫീസും അതിനുള്ള ജീവനക്കാരും മാത്രമാണുള്ളതെന്ന് റേഞ്ച് ഓഫീസർ കൂട്ടിച്ചേർത്തു.
വൈദ്യുത തൂക്ക് വേലി നിർമ്മാണ സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നകുട്ടൻ ഉദ്ഘാടനം ചെയ്തു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.താജുദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ.സി.ജൈയിലാവുദ്ധീൻ, റേഞ്ച് ഓഫീസർ കെ.പ്രമോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സി.വിനേഷ്, നസീമ കമറുദീൻ, ബി. മണികണ്ഠൻ, സരസ്വതി, കൃഷി ഒഫീസർ സി.അശ്വതി, കർഷകരായ സി.വൈ.എസ്.ഷേയ്ക്ക് മുസ്തഫ, ജി.വിൻസെന്റ്, വി.മോഹൻകുമാർ, എം.കെ.തങ്കവേലു, എം.നാഗരാജൻ, ഷൈജു തുടങ്ങിയവർ സംസാരിച്ചു. പി.കൽപ്പനദേവി സംഘാടക സമിതി ചെയർമാനും പ്രേമലത കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു.