പാലക്കാട്: ഒന്നാം വിള നെല്ലുസംഭരണം അടുത്തമാസം ആദ്യം ആരംഭിക്കും. ജില്ലയിൽ ചിറ്റൂർ ഒഴികെയുള്ള താലൂക്കുകളിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. ഒക്ടോബറിൽ ചിറ്റൂർ താലൂക്കിലും കൊയ്ത്ത് സജീവമാകും. ഇതോടെ ജില്ലയിൽ നെല്ല് സംഭരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ 10 സ്വകാര്യ മില്ലുകളാണ് നെല്ലുസംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. കൂടുതൽ മില്ലുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സപ്ലൈകോ കൊച്ചി ആസ്ഥാനത്ത് ഓരോ ദിവസവും കരാർ ഒപ്പിടൽ പുരോഗമിക്കയാണെന്ന് അധികൃതർ പറഞ്ഞു. അമ്പതിലേറെ മില്ലുകൾ സംഭരണത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഒരു പാടശേഖരത്തിൽ തന്നെ പല മൂപ്പായ നെല്ലും വ്യത്യസ്ത ഇനങ്ങളുമുണ്ട്. മില്ലുകാർ ഒരുലോഡിനുള്ള നെല്ല് ആയാലേ സംഭരിക്കാൻ ലോറി അയയ്ക്കൂ. കൊയ്ത്ത് വ്യാപകമായാലേ ഈ പ്രശ്നത്തിന് പരിഹാരമാകൂ.
കൂടുതൽ ജീവനക്കാർ വേണം
കൊയ്ത് സൂക്ഷിച്ചിരിക്കുന്ന നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് അളവും ഇനവും രേഖപ്പെടുത്തി സംഭരണത്തിനുള്ള 'പച്ച ച്ചീട്ട്' നൽകാൻ കൂടുതൽ ഫീൽഡ് ജീവനക്കാരെ നിയമിക്കാനാണ് സപ്ലൈകോയുടെ ആലോചന. കൃഷിവകുപ്പിൽനിന്ന് 20 പേർ ജോലി ക്രമീകരണത്തിലെത്തും. ഇതിനുപുറമേ 40 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ഇതിലേക്ക് വി.എച്ച്.എസ്.ഇ അഗ്രിക്കൾച്ചറൽ യോഗ്യയുള്ളവർക്ക് ബുധനാഴ്ചവരെ പാഡി മർക്കറ്റിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കൂടിക്കാഴ്ചയും നിയമനവും ഈ ആഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.