
ഡെങ്കിപ്പനി 156 പേർക്ക് (കഴിഞ്ഞ ദിവസത്തെ കണക്ക്)
എച്ച്.വൺ എൻ.വൺ 10 പേർക്ക്
എലിപ്പനി 19 പേർക്ക്
എലിപ്പനി മരണം2
പാലക്കാട്: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായതോടെ പനിബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 156 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തുപേർക്ക് എച്ച്.വൺ എൻ.വണ്ണും 19 പേർക്ക് എലിപ്പനിയും ബാധിച്ചുവെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ജില്ലയിൽ രണ്ട് എലിപ്പനി മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി രോഗലക്ഷണവുമായി നിരവധിപേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്നത് മുതൽ ഹൃദയത്തെവരെ ബാധിക്കുന്ന തരത്തിലേക്ക് ഗുരുതരമാകാനിടയുള്ള രോഗമാണ് ഡെങ്കിപ്പനി. അതിനാൽ പനിബാധിതർ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ പക്കൽ ചികിത്സ തേടണം.
ഒ.പികളിലായി 15,722 പേർ ചികിത്സയ്‌ക്കെത്തി. ഇതിൽ 311 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി. ശരാശരി തൊള്ളായിരത്തോളം പേരാണ് പനി ചികിത്സയ്‌ക്കെത്തുന്നത്. 1,913 പേർക്കാണ് വയറിളക്കം പിടിപെട്ടത്. 18 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും ആറുപേർക്ക് മലേറിയയും ഒരാൾക്ക് ജപ്പാൻ ജ്വരവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആയുർവേദ, ഹോമിയോ ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയാണ്.
വേണം ജാഗ്രത
കൊതുക് പെരുകാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനമായും ഡെങ്കിപ്പനിയും മറ്റും പടരാതിരിക്കാൻ ചെയ്യേണ്ടത്. മഴ പെയ്തതിനെ തുടർന്ന് മലിനജലവുമായി ബന്ധപ്പെടുന്നവർക്കാണ് എലിപ്പനി ബാധയുണ്ടാകുന്നത്. പനി വന്നാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണം.
ഡെങ്കിപ്പനി ലക്ഷണങ്ങൾ
തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന.
ഡ്രൈഡേ ആചരിക്കാം
പ്രതിരോധം
ഈഡിസ് കൊതുകൾ പരത്തുന്ന രോഗമായതിനാൽ കൊതുകുനശീകരണമാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് കൊതുകിന്റെ ഉറവിടം ഇല്ലാതാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.