പാലക്കാട്: മൂന്ന് മെഗാവാട്ട് മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി ലാഭകരമാണെന്നും 2024 മാർച്ച് 31 വരെ മീൻവല്ലം പദ്ധതിയിൽ നിന്ന് 6.83 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചതായും ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തിന് കീഴിലുളള പാലക്കാട് സ്‌മോൾ ഹൈഡ്രോ കമ്പനി ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ കെ.ബിനുമോൾ പറഞ്ഞു. കമ്പനി വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ 2023-24 വർഷത്തെ ലാഭവിഹിതമായ 3828176 രൂപ കമ്പനിയുടെ ഓഹരി ഉടമകളായ 17 ഗ്രാമ പഞ്ചായത്തുകൾക്കും 8 ബ്ലോക്ക് പഞ്ചായത്തുകൾക്കും പാലക്കാട് ജില്ലാ പഞ്ചായത്തിനും ലഭ്യമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഇപ്പോൾ നടപ്പിലാക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നിർമ്മാണം പുരോഗമിക്കുകയാണെന്നും 2025 ൽ തന്നെ പദ്ധതി കമ്മീഷൻ ചെയ്ത് വൈദ്യുതി ഉൽപാദനം ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തച്ചമ്പാറ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ പുതിയതായി അനുവദിച്ചു തന്ന 2.5 മെഗാവാട്ട് സ്ഥാപിത ശേഷി വിഭാവനം ചെയ്തിട്ടുള്ള ലോവർ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. കമ്പനി സെക്രട്ടറി പി.ബി.അനഘ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കമ്പനി ഡയറക്ടറുമായ സി.കെ.ചാമുണ്ണി, കമ്പനി ഡയറക്ടർമാരായ ടി.ആർ.അജയൻ, എ.രാമകൃഷ്ണൻ, എ.കെ.മൂസ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും കമ്പനി ഡയറക്ടർമാരുമായ ശാലിനി കറുപ്പേഷ്, അനിതാ പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.