nelliyampathy

നാടുകാണാൻ വന്നവരെയെല്ലാം ഹൃദയംകൊണ്ട് സ്വീകരിച്ച ചരിത്രമാണ് പാലക്കാടിനുള്ളത്. അതിഥികളായി എത്തുന്നവരെല്ലാം പാലക്കാടിന്റെ ഗ്രാമീണതയും നിഷ്കളങ്ക സ്നേഹവും വേണ്ടുവോളം ആസ്വദിച്ച് സംതൃപ്തിയോടെയാണ് മടങ്ങാറുള്ളത്. പക്ഷേ കഴിഞ്ഞ ഓണക്കാലത്ത് പാലക്കാട്ടുകാർ അതിഥികളെ കാത്തിരുന്ന് നിരാശരാകുകയാണുണ്ടായത്. ഓണാവധിക്ക് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഹോട്ടലുകളും ഹോം സ്റ്റേകളും ആളൊഴിഞ്ഞ് കിടക്കുന്നു. നെല്ലിയാമ്പതിയിൽ ഉൾപ്പെടെ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ടാക്സി ഡ്രൈവർമാർ വാഹനങ്ങളും പാർക്ക് ചെയ്ത് ഓരോ നിമിഷവും കാത്തിരിക്കുകയാണ്. തട്ടുകട നടത്തുന്നവർ മുതൽ ത്രീസ്റ്റാർ ഹോട്ടലുകാർ വരെ നേരിടുന്നത് കടുത്ത പ്രതിസന്ധിയിലാണ്. ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും താമസ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെ സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾ പാലക്കാട് നിന്ന് അകലുകയാണ്. സർക്കാർ ഇടപെട്ട് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം,​ കാരവൻ ടൂറിസം,​ ലിറ്റററി ടൂറിസം സർക്യൂട്ട് പോലുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

നേരിടുന്നത് പ്രതിസന്ധി

ഇക്കഴിഞ്ഞ ഓണത്തിനു പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വലിയ ഇടിവാണുണ്ടായത്. ടൂറിസം, ഡി.ടി.പി.സി, ജലസേചനം, വനം, ഫിഷറീസ് വകുപ്പുകളുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഓണക്കാലത്ത് ടിക്കറ്റ് നിരക്കിലൂടെ ലഭിച്ചതു 80.80 ലക്ഷം രൂപയുടെ വരുമാനം മാത്രം. സെപ്തംബർ 13 മുതൽ 22 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 1.93 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. ഇത്തവണ കുറവ് 78 ലക്ഷത്തോളം രൂപ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു. ഇതുകൂടാതെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മലമ്പുഴ ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നവീകരണവും വികസന പദ്ധതികൾ ഇല്ലാത്തതും ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ട്. സംസ്‌കാരവും കലയും പൈതൃകവും സംരക്ഷിക്കുന്ന കേന്ദ്രങ്ങളിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്ക്. സാധാരണ ഇത്തരം കേന്ദ്രങ്ങളിലേക്കു വിദേശികൾ ഒട്ടേറെ എത്താറുണ്ടായിരുന്നതായി ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. ഇത്തരം പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളില്ലാത്ത് ഈ മേഖലയെ തളർത്തിയെന്നാണ് ആക്ഷേപം.

വേനലവധിക്കാലത്ത് നേരിട്ട കനത്ത ചൂടും സന്ദർശകരുടെ എണ്ണത്തിൽ കുറവു വരുത്തിയതും ടൂറസിറ്റ് കേന്ദ്രങ്ങൾക്ക് കാര്യമായ വരുമാനമുണ്ടായില്ല. തൊട്ടുപിന്നിലെത്തിയ ഓണാവധിക്കും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഇതോടെ ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, ലോഡ്ജ്, വഴിയോര കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിലാണ്.

ഓണത്തിന് പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്,​ 30 ലക്ഷം രൂപ. സൈലന്റ് വാലിയിൽ നിന്നു 12.30 ലക്ഷം രൂപയുടെ വരുമാനമുണ്ടായി. താമസ സൗകര്യം ഉൾപ്പെടെ ബുക്ക് ചെയ്ത വകയിലാണ് ഇത്. അതേസമയം കാടും വെള്ളച്ചാട്ടങ്ങളും പുഴയോരങ്ങളും തേടിയെത്തിയ സന്ദർശകരുടെ എണ്ണം ഇത്തവണ കൂടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൊല്ലങ്കോട് ഗ്രാമഭംഗി ആസ്വദിക്കാനാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ പതിനായിരത്തിലേറെ സന്ദർശകരെത്തിയെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. മലമ്പുഴയിലെ അകമലവാരത്തും അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലും തിരക്കുണ്ടായിരുന്നു.

 സൗകര്യങ്ങൾ ഉയർത്തണം
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യത്തിനു താമസ സൗകര്യങ്ങളില്ലെന്നാണ് പ്രധാന പരാതി. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾക്ക് ഇത് വലിയ തിരിച്ചടിയാകുന്നുണ്ട്. നഗരത്തിലും ഗ്രാമീണ മേഖലയിലും കുറഞ്ഞ ചെലവിൽ താമസിക്കാൻ കേന്ദ്രങ്ങളില്ല. ജലസേചന വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും മുറികൾ ലഭിക്കാൻ ഓൺലൈൻ ബുക്ക് ചെയ്യണം. വി.ഐ.പി സന്ദർശകരുണ്ടെങ്കിൽ മുറി കിട്ടാനുള്ള സാദ്ധ്യത കുറവാണ്. വെബ്‌സൈറ്റ് തകരാറിലാകുന്നതു പതിവാണെന്നും പരാതിയുണ്ട്.

 ആനവണ്ടിക്ക് നല്ല കാലം
ഓണത്തോടനുബന്ധിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ ലഭിച്ചതു 2.29 ലക്ഷം രൂപ. നെല്ലിയാമ്പതി, സൈലന്റ് വാലി, മലക്കപ്പാറ, കപ്പൽ യാത്ര ഉൾപ്പെടെ നാലു ട്രിപ്പുകളാണുണ്ടായിരുന്നത്. യാത്രക്കാരുടെ ആവശ്യ പ്രകാരം പഞ്ചപാണ്ഡപ ക്ഷേത്രദർശനം, മൂന്നാർ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. ഓണക്കാലത്ത് അധിക സർവീസ് ഏർപ്പെടുത്തിയതിലൂടെ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു 67 ലക്ഷം രൂപ വരുമാനമുണ്ടായി.

 ഓണക്കാലത്തെ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശകരും വരുമാനവും. കഴിഞ്ഞസീസണിലെ വരുമാനം ബ്രാക്കറ്റിൽ
1. മലമ്പുഴ ഉദ്യാനം
സന്ദർശകർ: 24,810, വരുമാനം: 6.74 ലക്ഷം രൂപ (14.10 ലക്ഷം രൂപ)
2. കാഞ്ഞിരപ്പുഴ ഉദ്യാനം
സന്ദർശകർ: 9,548, വരുമാനം: 2.64 ലക്ഷം രൂപ (4.5 ലക്ഷം രൂപ)
3. മംഗലംഡാം ഉദ്യാനം
സന്ദർശകർ: 5,539, വരുമാനം: 1.22 ലക്ഷം രൂപ (3.74 ലക്ഷം രൂപ)
4. പോത്തുണ്ടി ഉദ്യാനം
സന്ദർശകർ: 26,845, വരുമാനം: 4.80 ലക്ഷം രൂപ (6.10 ലക്ഷം രൂപ)
5. മലമ്പുഴ ശിലോദ്യാനം
സന്ദർശകർ: 2,638, വരുമാനം: 53,172 (ഒരു ലക്ഷം രൂപ)
6. പാലക്കാട് വാടിക ഉദ്യാനം
സന്ദർശകർ: 13,560, വരുമാനം: 2.63 ലക്ഷം (3.10 ലക്ഷം രൂപ)
7. തൃത്താല വെളിയാങ്കല്ല് പൈതൃക പാർക്ക്
സന്ദർശകർ: 13,230, വരുമാനം: 2.30 ലക്ഷം (3.10 ലക്ഷം രൂപ)
8. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം
സന്ദർശകർ: 2,870, വരുമാനം: 30 ലക്ഷം (44 ലക്ഷം രൂപ)
9. സൈലന്റ് വാലി
സന്ദർശകർ: 1,872, വരുമാനം: 12.30 ലക്ഷം രൂപ (21.67 ലക്ഷം രൂപ)
10. അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം
സന്ദർശകർ: 3,865, വരുമാനം: 1.37 ലക്ഷം (1.27 ലക്ഷം രൂപ)
11. നെല്ലിയാമ്പതി ഗവ.ഓറഞ്ച് ഫാം
സന്ദർശകർ: 9,101, വരുമാനം: 2.05 ലക്ഷം രൂപ (3.10 ലക്ഷം രൂപ)
12. മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രം
സന്ദർശകർ: 7,788, വരുമാനം: 1.10 ലക്ഷം രൂപ (1.78 ലക്ഷം രൂപ)
13. മലമ്പുഴ അക്വേറിയം
സന്ദർശകർ: 4,315, വരുമാനം: 1.05 ലക്ഷം (3.05 ലക്ഷം രൂപ)
14. തൊടുക്കാപ്പ് ഇക്കോ ടൂറിസം കേന്ദ്രം
സന്ദർശകർ: 1,295, വരുമാനം: 44,100 (64,700 രൂപ)
15. ചൂലന്നൂർ മയിൽ സങ്കേതം
സന്ദർശകർ: 121, വരുമാനം: 4,200 (2,800 രൂപ)
16. മീൻവല്ല വെള്ളച്ചാട്ടം
സന്ദർശകർ: 5265, വരുമാനം: 1.5 ലക്ഷം (1.5 ലക്ഷം)