
നിർമ്മാണം ആരംഭിച്ചത് 2021ൽ
68.5 കോടി രൂപ ചെലവ്
സ്മാരകത്തിൽ മൂന്നു ബ്ലോക്കുകൾ
പാലക്കാട്: മെഡിക്കൽ കോളേജിന് സമീപം നിർമ്മാണം പൂർത്തിയാകുന്ന വി.ടി.ഭട്ടതിരിപ്പാട് സ്മാരകത്തിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. അഞ്ചേക്കറിൽ 68.5 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്മാരകത്തിൽ മൂന്നു ബ്ലോക്കുകളിലായി എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപൺ എയർ തിയറ്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി നാലു മാസത്തിനകം തുറന്നുനൽകുമെന്ന് 2023 സെപ്തംബറിൽ സ്മാരകം സന്ദർശിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷമായിട്ടും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. മേൽനോട്ടം കളക്ടർക്കാണ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനാണ് സ്മാരകത്തിന്റെ അധികാരം.
2021ലാണ് മെഡിക്കൽ കോളേജിന് സമീപം അഞ്ചേക്കറിൽ സ്മാരകത്തിന്റെ നിർമ്മാണം ആരംഭിച്ചത്. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ പരിവർത്തനം നടത്തിയശേഷമാണ് നിർമ്മാണം ആരംഭിച്ചത്. കൃഷി വകുപ്പ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം2008 പ്രകാരം സംസ്ഥാനതല സമിതി അനുമതി നിഷേധിച്ച പദ്ധതിയാണിത്. വെള്ളക്കെട്ടുള്ള കൃഷിഭൂമിയായതിനാൽ പരിവർത്തനത്തിന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ സമർപ്പിച്ച അപേക്ഷ 2022ൽ ചേർന്ന സംസ്ഥാനതല സമിതി യോഗം നിരസിച്ചിരുന്നു. ഇത് മറികടന്നായിരുന്നു നിർമ്മാണം. അനുമതി കൂടാതെ നെൽവയൽ നികത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് 2008ലെ നിയമത്തിന്റെ വകുപ്പ് (3)ന്റെ പൂർണ ലംഘനമാണെന്നും വകുപ്പ് (13) പ്രകാരം നടപടി സ്വീകരിക്കണമെന്നും സമുച്ചയത്തിനായി വേറെ ഭൂമി കണ്ടെത്തണമെന്നും 2023 ഫെബ്രുവരി ഒന്നിന് ഇറക്കിയ കൃഷി വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
വെള്ളം കയറുന്നതിനും പരിഹാരമുണ്ടായില്ല
ഇസമുച്ചയം ഉയർന്നതോടെ ഇതിന് സമീപത്തെ മണപ്പുള്ളിക്കാവ് ആലങ്ങാട്ടുത്തറ കോളനിയിലെ 70 ഓളം വീടുകളിലേക്ക് മഴക്കാലത്ത് ദേശീയപാതയിലെ വെള്ളം കയറുന്നുവെന്ന പരാതിയുമുണ്ട്. പരാതി പൂർണമായും ഉൾക്കൊണ്ടുള്ള നടപടിയുണ്ടാകുമെന്നും ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ആശയവിനിമയം നടത്തി വൈകാതെ തീരുമാനം എടുക്കുമെന്നും ഒരു വർഷം മുമ്പത്തെ സന്ദർശനവേളയിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിനും പരിഹാരമൊന്നും ഉണ്ടായില്ല.