പാലക്കാട്: ജില്ലാ ആസൂത്രണസമിതി ഓഫീസിന് സിവിൽ സ്റ്റേഷനിൽ നിന്ന് ഉടൻ മോചനമാകും. നഗരത്തിൽ സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിലെ പുതിയകെട്ടിടത്തിലേക്ക് ഉടനെ മാറും. പുതിയ കെട്ടിടത്തിന്റെ അവസാനഘട്ട ജോലി ഈ മാസം പുനരാരംഭിക്കും. ഇത് സംബന്ധിച്ച ദർഘാസ് നടപടികൾ പൂർത്തിയാക്കി. ടൗൺ പ്ലാനിംഗ് കാര്യാലയം, സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ജില്ലാ പ്ലാനിംഗ് കാര്യാലയം എന്നിവയാണ് കെട്ടിടത്തിൽ ഒരുങ്ങുക. വൈദ്യുതീകരണം, ഫർണിച്ചറുകൾ വാങ്ങൽ, ലിഫ്റ്റ് സ്ഥാപിക്കലിന്റെ അവസാനഘട്ട ജോലി തുടങ്ങിയവയാണ് ബാക്കിയുള്ളത്. വർഷങ്ങളോളം കെട്ടിടം പരിപാലനമില്ലാതെ കിടന്നതുമൂലം പൊട്ടിയ തറയോടുകൾ മാറ്റുന്നതുൾപ്പെടെയുള്ള നവീകരണം പൂർത്തിയാക്കേണ്ടതുണ്ട്.
ഉടക്ക് വച്ചത് പുരാവസ്തുവകുപ്പ്
30 സെന്റ് സ്ഥലത്ത് 2010ലാണ് കെട്ടിടനിർമാണം ആരംഭിച്ചത്. 6.81 കോടി രൂപയാണ് വകയിരുത്തിയത്. വൈകാതെ തന്നെ പണി തുടങ്ങി. എന്നാൽ, നാലുനിലക്കെട്ടിടം മുക്കാൽഭാഗം പണിതപ്പോൾ തന്നെ 2013ൽ പുരാവസ്തുവകുപ്പ് ഉടക്കുവെച്ചു. പാലക്കാട് കോട്ടയുടെ നിശ്ചിത ദൂരപരിധിക്കുള്ളിലാണ് കെട്ടിടം. ഇവിടെ കെട്ടിടനിർമാണത്തിന് മുൻകൂർ അനുമതി തേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാക്കി പണികൾ പുരാവസ്തുവകുപ്പ് തടഞ്ഞത്. കോട്ടയേക്കാൾ ഉയരം ആസൂത്രണസമിതി കെട്ടിടത്തിനുണ്ടായതും തടസമായി. അനധികൃത കെട്ടിടനിർമാണത്തെപ്പറ്റി പുരാവസ്തുവകുപ്പ് ഡയറക്ടർ സ്ഥലപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നാഷണൽ മോണ്യുമെന്റ് അതോറിറ്റിക്കും കൈമാറിയിരുന്നു. പണി തടസപ്പെട്ടപ്പോൾ ജില്ലാഭരണകൂടം പുരാവസ്തുവകുപ്പിനെ സമീപിച്ചെങ്കിലും പരിഹാരമായിരുന്നില്ല. പിന്നീട് ഒരുവർഷം മുമ്പ് പുരാവസ്തുവകുപ്പ് നിരാക്ഷേപപത്രം നൽകിയിരുന്നു.