മല്ലപ്പള്ളി: റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് അപകട ഭീഷണിയാകുന്നു. മല്ലപ്പള്ളി - പുല്ലുകുത്തി - ആനിക്കാട് റോഡിൽ പാറക്കടവിനും കവനാൽക്കടവ് പമ്പ് ഹൗസിനും ഇടയിൽ മണിമലയാറിന്റെ ഓരം ചേർന്ന് ഉയർത്തി കെട്ടിയ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പി.ഡ.ബ്ല്യു.ഡി അധികൃതരെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞതോടെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം പുഴയുടെ തീരത്തേക്ക് ഇടിഞ്ഞു താണിരുന്നു. അമിതഭാരം കയറ്റിയ ടോറസ് വാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരവും, സമീപത്തെ മണ്ണ് ഖനനവുമാണ് തകർച്ചയുടെ വ്യാപ്തി വർദ്ധിപ്പിക്കാനിടയായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സംരക്ഷണഭിത്തിക്കും മുകളിൽ കരിങ്കല്ലിൽ നിർമ്മിച്ചിരുന്ന സുരക്ഷാ ഭിത്തികളാണ് കഴിഞ്ഞദിവസം ഏകദേശം 12 അടിയോളം താഴ്ചയുള്ള പുഴയുടെ തീരത്തേയ്ക്ക് പതിച്ചത്. സമീപത്തെ രണ്ട് സുരക്ഷാ സ്റ്റോണുകളും തകർച്ചയുടെ വക്കിലാണ്. ഈ ഭാഗത്ത് ഏകദേശം 60 മീറ്ററോളം ദൂരത്തിൽ സംരക്ഷണഭിത്തിക്ക് തകർച്ച സംഭവിച്ചിട്ടുണ്ട്. റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത കാലത്ത് നിർമ്മിച്ച കാലപ്പഴക്കം ചെന്ന കെട്ടുകൾക്കാണ് തകർച്ച സംഭവിച്ചിരിക്കുന്നത്. അനുദിനം തകർച്ചയുടെ വ്യാപ്തി വർദ്ധിച്ചാൽ റോഡിന്റെ തകർച്ചയ്ക്കും വലിയ ദുരന്തത്തിനും സാദ്ധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ സമീപത്തെ വീടുകളിലേക്കും ഇവ വ്യാപിക്കും.
........................
അധികൃതർ ഇടപെട്ട് അടിയന്തര ഇടപടൽ നടത്തി സംരക്ഷണ ഭിത്തി പുനസ്ഥാപിക്കുന്നതിന് നടപടി എടുക്കണം.
(നാട്ടുകാർ)
............................
60 മീറ്റർ തകർച്ചയിൽ