മല്ലപ്പള്ളി: മല്ലപ്പള്ളി മൂശാരിക്കവല - നെല്ലിമൂട് റോഡിൽ മാർ ഡയോനിഷ്യസ് സീനിയർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് സ്ഥാപിച്ചിരുന്നഅപകട മുന്നറിയിപ്പ് ബോർഡ് തകർന്ന് നിലംപൊത്തി മാസങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാതെ അധികൃതർ. റോഡിന്റെ വളവും കുത്തനെയുള്ള ഇറക്കവുമായതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡാണ് നിലം പൊത്തിയത്. ചെങ്ങരൂർ, പുളിന്താനം, മങ്കുഴിപ്പടി എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗത്തിൽ എത്താനുള്ള റോഡാണിത്. മാസങ്ങളായി റോഡ് ടാറിംഗ് ഇളകി കുഴികൾ നിറഞ്ഞ് കിടന്നതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നത്. റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ എത്തിയാൽ അപകട സാദ്ധ്യത ഏറെയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തുന്ന സമയത്തും വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന സമയത്തും ഗതാഗതക്കുരക്കും അപകടങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്കൂളിന് സമീപത്ത് മുൻപുണ്ടായിരുന്ന സൂചന ബോർഡ് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.
റോഡിലെ കുഴികൾ അടച്ചു തുടങ്ങി
ടാറിംഗ് ഇളകി ശോചനീയാവസ്ഥയിലുള്ള മൂശാരിക്കവല - നെല്ലിമൂട് റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. മാസങ്ങളായി തകർന്നു കിടന്നറോഡിലൂടെയുള്ള യാത്ര ദുരിത പൂർണമായിരുന്നു.അടുത്തിടെ പെയ്ത ശക്തമായ മഴയും റോഡിന്റെ തകർച്ചയ്ക്ക് ആക്കും കൂട്ടിയിരുന്നു.ടാറിംഗ് ഇളകി മിക്കയിടങ്ങളിലും കുഴിനിറഞ്ഞ് മെറ്റൽ മച്ചിടങ്ങളിലേക്ക് വ്യാപിച്ചതിനാൽ കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ദുഷ്കരമാണ്.
...........................................
നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് സൂചനാ ബോർഡുകളുടെ അഭാവം വലിയ അപകടങ്ങൾക്കിടയാകും. അധികൃതർ വേഗത നിയന്ത്രണത്തിന് സംവിധാനം നടപ്പിലാക്കണം.
മനോജ്
(രക്ഷകർത്താവ്)