മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ വീണ്ടും രണ്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു. കുളത്തൂർ മേപ്രത്ത് പുളിച്ചിമാവിൽ പി.സി. ചാക്കോ(68) കുമ്പിളുവേലിൽ വീട്ടിൽ സച്ചിൻ(25) എന്നിവരാണ് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ രാത്രി 8 ന് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ പാഞ്ഞെത്തിയ കുറുനരി ചാക്കോയെ ആക്രമിക്കുകയായിരുന്നു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീടിന് പുറത്തു വച്ച് കടിയേറ്റ സച്ചിൻ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 4 മാസത്തിനിടയിൽ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ 22 പേർക്കാണ് കുറുക്കന്റെ കടിയേറ്റത്.