
പത്തനംതിട്ട : ശബരിമലയിൽ ഉപയോഗരഹിതമായ 6.65 ലക്ഷം ടിൻ അരവണ നീക്കംചെയ്യാൻ കഴിയാതെ ദേവസ്വം ബോർഡ് പ്രതിസന്ധിയിലായി. അരവണ നീക്കാൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അഭിപ്രായം വ്യക്തമാക്കാത്തതാണ് പ്രശ്നം. സർക്കാർ സഹായത്തോടെ അരവണ നിർമ്മാജ്ജനം ചെയ്യാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്.
2021-22 കാലയളവിൽ അരവണയിലെ ഏലയ്ക്കായിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയെന്ന പരാതിയെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതേ തുടർന്ന് ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വില്ക്കാതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിവരെ എത്തിയതോടെ അരവണയുടെ സാമ്പിൾ പരിശോധിച്ചു. ഏലയ്ക്കയിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വീണ്ടും വില്ക്കാൻ കഴിയുമായിരുന്നില്ല. ഈ ഇനത്തിൽ മാത്രം ആറരക്കോടിയിലധികം രൂപ നഷ്ടം ഉണ്ടായതായാണ് ദേവസ്വംബോർഡിന്റെ പ്രാഥമിക കണക്കുകൂട്ടൽ. ഇതുകൂടാതെയാണ് പഴകിയ അരവണ നീക്കംചെയ്യാൻ വീണ്ടും കോടികൾ മുടക്കേണ്ടിവരുന്നത്.
പരിഹാരം സർക്കാർ ഇടപെടൽ
സർക്കാർ അടിയന്തരമായി ഇടപെട്ടാലേ പ്രശ്നത്തിന് പരിഹാരമാകു. രണ്ടു വർഷത്തിലേറെയായി മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണയിലെ ശർക്കര പുളിച്ച് കണ്ടയ്നറുകൾ പൊട്ടാൻ തുടങ്ങിയിട്ടുണ്ട്. വന്യമൃഗസാന്നിദ്ധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേർന്നുള്ള ഗോഡൗണിൽ അരവണ സൂക്ഷിക്കുന്നത് ഇനിയും സുരക്ഷിതമല്ല. ശർക്കരയുടെ മണംപിടിച്ച് ആന ഉൾപ്പടെയുള്ള വന്യജീവികൾ ഇവിടേക്ക് എത്താനിടയുണ്ട്. അടുത്ത തീർത്ഥാടന കാലത്തിന് മുമ്പെങ്കിലും മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ തീർത്ഥാടകരുടെ സുരക്ഷയേയും ഇത് പ്രതികൂലമായി ബാധിക്കും.
വില്ലനായത് കീടനാശിനി വിവാദം
അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശമുണ്ടെന്ന പരാതിയെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഏലയ്ക്ക ലാബിൽ പരിശോധന നടത്തിയിരുന്നു. കീടനാശിനിയുടെ അംശമുണ്ടെന്നായിരുന്നു കണ്ടെത്തൽ . വിവാദത്തെ തുടർന്ന് മാസങ്ങൾക്ക് ശേഷം അരവണ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഭക്ഷ്യയോഗ്യമാണെന്നായിരുന്നു പരിശോധനാഫലം. പക്ഷേ അപ്പോഴേക്കും അരവണ പഴകിയതോടെയാണ് വില്ക്കാൻ കഴിയാതെ വന്നത്.
--------------------------------------
ദേവസ്വംബോർഡ് നൽകിയ റിപ്പോർട്ടിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ ഒരുമാസത്തിനുള്ളിൽ ശബരിമലയിൽ നിന്ന് അരവണ പൂർണമായി നീക്കംചെയ്യാൻ കഴിയും.
അഡ്വ. എ. അജികുമാർ
ദേവസ്വം ബോർഡ് അംഗം
-------------------
6.65 ലക്ഷം ടിൻ അരവണ കെട്ടിക്കിടക്കുന്നു.
അരവണ പ്രശ്നത്തിൽ ദേവസ്വം ബോർഡിന് ഇതുവരെ നഷ്ടം 6.50 കോടി.
നീക്കം ചെയ്യാൻ ഇനിയും കോടികൾ മുടക്കണം.