പത്തനംതിട്ട: നഗരത്തിലെ തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുവാൻ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ആവശ്യപ്പെട്ടു. റിംഗ് റോഡ് ഉൾപ്പെടെ നഗരത്തിലെ പല റോഡുകളിലെയും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. വിവിധ സ്ഥാപനങ്ങളിൽ നിന്ന് രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വനിത ജീവനക്കാർ ഉൾപ്പടയുള്ളവർ ഭീതിയോടെയാണ് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നത് .അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന തൂണുകൾക്ക് പിന്നിൽ അക്രമികൾ നിന്നാൽ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഡോക്ടേഴ്സ് ലൈനിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതുകൊണ്ട് കുറ്റാക്കൂരിരുട്ടാണ്. വാർഡുകളിലെ പോസ്റ്റുകളിലും വിളക്കുകൾ പ്രകാശിപ്പിക്കുവാൻ നടപടിയില്ല. നഗരത്തിലെ പ്രധാനപ്പെട്ട വഴികളിൽ ഒന്നുംതന്നെ തെരുവിളക്കുകൾ പ്രകാശിക്കാതെ മാറിയിട്ട് മാസങ്ങളായെന്ന് സുരേഷ് കുമാർ പറഞ്ഞു.