നീർവിളാകം : ആറന്മുള പഞ്ചായത്തിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്. വിഷ രഹിത പച്ചക്കറികളും ഗുണമേന്മയുള്ള ഗൃഹ നിർമ്മിത ഭക്ഷ്യ ഉൽപ്പന്നങ്ങളും ന്യായ വിലയ്ക്ക് വിൽക്കുവാനും വാങ്ങുവാനും ഇവിടെ കഴിയും. ചന്ത ഇല്ലാത്ത ദിവസങ്ങളിൽ വാട്സ് ആപ് കൂട്ടായ്മ വഴിയും വിപണനമുണ്ട്. കാർഷിക വിളകൾക്ക് പുറമെ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കും ഇവിടെ വിപണന സൗകര്യമുണ്ട്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ആർ നരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു വർണ്ണശാല, ശ്രീനി ചാണ്ടിശേരി,വിപണി സമിതി കൺവീനർ സലീം റാവുത്തർ, സജിത്ത്,എസ്.മുരളികൃഷ്ണൻ, എൻ.ആർ നാരായണ പിള്ള, ജി.ഹരിദാസ്,അജിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കേരളാ കർഷക സംഘം കിടങ്ങന്നൂർ വില്ലേജ് സമിതിയുടെ മേൽനോട്ടത്തിൽ ആറന്മുള പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണത്തോടെയാണ് പ്രവർത്തനം. ഓണത്തിനോടനുബന്ധിച്ച് പൂരാടം, ഉത്രാടം നാളുകളിൽ മുഴുവൻ സമയ പകൽ ചന്തയും പ്രവർത്തിക്കും.