photo
തണ്ണിത്തോട് ജംഗ്ഷൻ നവീകരണം അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തുന്നു

കോന്നി : തണ്ണിത്തോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി നടക്കുന്ന റോഡ് നവീകരണ പ്രവർത്തികൾ അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. മഴക്കാലത്ത് തണ്ണിത്തോട് ജംഗ്ഷനിൽ വെള്ളം കയറുന്നത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ഇതിന് പരിഹാരമായി 90ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൊതുമരാമത്ത്അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.മുരുകേഷ് കുമാർ, അസി.എൻജിനീയർ രൂപക്ക് ജോൺ, പഞ്ചായത്തംഗം പത്മകുമാരി, പ്രവീൺ,ജിഷ്ണു, അജേഷ്,അശ്വിൻ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ജംഗ്ഷനിലെ ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യും. റോഡിന് കുറുകെ ഡ്രെയിനേജ് സംവിധാനങ്ങളും വെള്ളം സമീപത്തെ തോട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ജംഗ്ഷനിലെ ഓടയ്ക്ക് മുകളിൽ കവർ സ്ലാബുകൾ സ്ഥാപിക്കും. ടാർ ചെയ്യുന്നതിന് മുന്നോടിയായി ഉള്ള പ്രവർത്തികൾ ആരംഭിച്ചു. തണ്ണിത്തോട്ടിലേക്ക് വരുന്ന വഴിയിൽ വന ഭാഗത്ത് തകർന്നു കിടക്കുന്ന ഇന്റർലോക്ക് കട്ടകൾ മാറ്റി സ്ഥാപിച്ച് നവീകരിക്കും. വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയുടെയും ഐറിഷ് ഓടയുടെയും പണികൾ പുരോഗമിക്കുകയാണ്.