പത്തനംതിട്ട: ടി.ടി.ഐ, പി.പി.ടി.ടി.ഐ സംസ്ഥാന കലോത്സവവും ദേശീയ അദ്ധ്യാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷവും നാല്, അഞ്ച് തീയതികളിൽ കോഴഞ്ചേരി ഗവ.എച്ച്.എസ്..എസിൽ നടക്കും. 14 ജില്ലകളിൽ നിന്ന് 600 മത്സരാർത്ഥികൾ പങ്കെടുക്കും. നാല് വേദികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിന് 12 ഇനങ്ങളിലും അദ്ധ്യാപക കലാമേളയിൽ നാല് ഇനങ്ങളിലുമാണ് മത്സരം. അഞ്ചിനു രാവിലെ 10ന് സംസ്ഥാന അദ്ധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ജോസഫ് മുണ്ടശേരി സ്മാരക കലാ സാഹിത്യവേദി അവാർഡുകൾ യോഗത്തിൽ സമ്മാനിക്കും. കലോത്സവ ക്രമീകരണങ്ങൾ പൂർത്തിയായതായി പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. അനില പത്രസമ്മേളനത്തിൽ അറിയിച്ചു. മത്സരാർത്ഥികൾക്കായി തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ ഇൻഫർമേഷൻ കൗണ്ടറുകൾ തുറക്കും. അവിടെ നിന്ന് കോഴഞ്ചേരിയിലേക്ക് വാഹന സൗകര്യവും ക്രമീകരിക്കും. ഭാരവാഹികളായ ബിനു ജേക്കബ് നൈനാൻ, ജെബി തോമസ്, കെ.ആർ. പ്രകാശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.