അടൂർ : കടമ്പനാട് പഞ്ചായത്തിലെ 15-ാം വാർഡിൽ കൂടി കടന്നുപോകുന്ന ചക്കുവള്ളി റോഡ് തകർന്നു തരിപ്പണമായി. കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥ. മഴ ശക്തി പ്രാപിച്ചതോടെ റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതുകാരണം ഇരുചക്രവാഹനയാത്രികരാണ് അപകടത്തിൽപ്പെടുന്നത് ഏറെയും. പത്തനംതിട്ട - കൊല്ലം ജില്ലയിലുമായി കിടക്കുന്ന റോഡിൽ 1700 മീറ്ററോളം കടമ്പനാട് പഞ്ചായത്തിലാണ് ഉള്ളത്. ഈ ഭാഗം അഞ്ചുവർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ മുടക്കി ടാർ ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് റോഡ് തകർന്നെന്ന ആരോപണം ശക്തമാണ്. നവകേരള സദസിൽ ഈ റോഡിന്റെ അവസ്ഥയെക്കുറിച്ച് കത്ത് നൽകിയതിനെ തുടർന്ന് പി.ഡബ്ല്യു.ഡി പരിശോധിച്ചിരുന്നു. എന്നാൽ റോഡ് പഞ്ചായത്തിന്റെ അധീനതയിലുള്ളതായതിനാൽ പി.ഡബ്ല്യു.ഡി ഏറ്റെടുത്തിട്ടില്ല. അടുത്തിടെ വാർഡ് മെമ്പർ പഞ്ചായത്ത് കമ്മിറ്റികൂടി റോഡ് ഏറ്റെടുക്കാനായി പി.ഡബ്ല്യു.ഡിക്ക് നൽകിയിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാൻ പ്രധാന കാരണം. ഇരുവശങ്ങളിലും കൃത്യമായ രീതിയിൽ ഓട പണിഞ്ഞും, റോഡ് ഉയർത്തിയും മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ. നിലവിൽ കുറച്ചു ഭാഗം ഒരു വശത്തുള്ള ഓടയിൽ മഴ പെയ്യുമ്പോൾ വെള്ളം കവിഞ്ഞ് അടുത്ത പുരയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
..................
എംഎൽഎ ഫണ്ട് ഉപയോഗിച്ചോ, പി.ഡബ്ല്യു.ഡി ഏറ്റെടുത്തോ എത്രയും വേഗം തന്നെ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം
പ്രസന്നകുമാർ
(വാർഡ് മെമ്പർ)
........................................
റോഡ് നന്നാക്കുന്നതിന് ആവശ്യമുള്ള തുക എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കും. എത്രയും വേഗം റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കും.
ചിറ്റയം ഗോപകുമാർ
(ഡെപ്യൂട്ടി സ്പീക്കർ)