
പത്തനംതിട്ട : വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ റദ്ദുചെയ്യുന്നത് സീസൺ കാത്തിരുന്ന കലാകാരൻമാർക്ക് തിരിച്ചടിയാകുകയാണ്. സർക്കാർ ഒാണാഘോഷം വേണ്ടന്നുവച്ചതിന്റെ ചുവടുപിടിച്ച് ക്ലബുകളും വിവിധ സംഘടനകളും ആഘോഷപരിപാടികൾ ഒഴിവാക്കിയിരുന്നു.
ഗാനമേള, മിമിക്രി, നാടകം, നാടൻപാട്ട് തുടങ്ങിയ മേഖലകളിലെ നിരവധി കലാകാരൻമാർ ഓണം സീസണിലെ പരിപാടികൾക്കായി കാത്തിരിപ്പിലായിരുന്നു. രാത്രി 10ന് ശേഷം ഉച്ചഭാഷിണികൾക്ക് അനുമതിയില്ലാത്തതും കലാകാരൻമാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പ്രതിസന്ധിയിൽ നിന്ന് കരകയറാതെ
കൊവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ കലാമേഖലയ്ക്ക് ഇതുവരെ കരകയറാനായിട്ടില്ല. ഒാണവും ക്രിസ്മസും ഉത്സവകാലവുമാണ് പലപ്പോഴും നിലനിൽപ്പിന് സാഹചര്യമൊരുക്കുന്നത്. എന്നാൽ തുടർച്ചയായി ആഘോഷ പരിപാടികൾ റദ്ദ് ചെയ്യുന്നത് ഗുണകരമാകില്ല. പരിപാടികൾ കുറഞ്ഞതോടെ പല കുടുംബങ്ങൾക്കും ഇത്തവണ പട്ടിണിയുടെ ഒാണക്കാലമാകും .
സ്റ്റേജ് പരിപാടികൾക്ക് ലക്ഷങ്ങൾ
നാടകങ്ങളും ഗാനമേളയുമൊക്കെ അരങ്ങിലെത്തുന്നതിന് ലക്ഷങ്ങൾ ചെലവ് വരും. ഇരുപതിലധികം പേർ ഒാരോ ട്രൂപ്പിലും ഉണ്ടാകും. ഓർക്കസ്ട്രയും ടെക്നീഷ്യൻമാരുമെല്ലാം ചേരുമ്പോൾ വീണ്ടും ചെലവ് കൂടും. തുടർച്ചയായി പ്രോഗ്രാമുകളില്ലാതെ വരുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമാകും വരുത്തുക.
ശബ്ദമില്ലാതെ സൗണ്ടുകാർ
ആഘോഷ പരിപാടികൾ റദ്ദുചെയ്യുന്നത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്കും തിരിച്ചടിയാകുകയാണ്. ഒാണക്കാലത്തെ പരിപാടികൾ ഇല്ലാത്തതിനാൽ തിരക്കുള്ള സീസണാണ് നഷ്ടമാകുന്നത്. നിരവധി ജീവനക്കാർക്കും തൊഴിൽ നഷ്ടം ഉണ്ടാകുന്നു.
പ്രതിസന്ധിയുണ്ട്. വയനാടിന് വേണ്ടി ഇപ്പോൾ തന്നെ ക്ലബുകൾ എല്ലാം പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്. സർക്കാരിന്റെ പരിപാടികളും ഇല്ല. കലാകാരൻമാർ ബുദ്ധിമുട്ടിലാണ്, പക്ഷെ വയനാട് ദുരന്തം മുന്നിൽ നിൽക്കുന്നതിനാൽ ആരെയും കുറ്റപ്പെടുത്താനും കഴിയില്ല.
ശ്രീകുമാർ മല്ലപ്പള്ളി,
ഗായകൻ