
പ്രമാടം : മുൻ വർഷങ്ങളിൽ അത്തപ്പൂവിടീലിനും മറ്റ് അലങ്കാരങ്ങൾക്കും മറുനാടൻ പൂക്കളെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇത്തവണ ഒാണം കളറാക്കാൻ പ്രമാടത്തിന് സ്വന്തം ബന്ദിപ്പൂക്കളുണ്ട്. അത്തം മുതൽ ഇവ വിപണിയിൽ ലഭിക്കും. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ബന്ദിപ്പൂക്കളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഭവന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ബന്ദി കൃഷിയിറക്കിയത്. ആശങ്കകൾ പലതുണ്ടായിരുന്നെങ്കിലും ചെടികളെല്ലാം പൂവിട്ട് വിളവെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. കൂടുതൽ കൃഷിയുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം. കൂടുതൽ ആളുകൾ ബന്ദിച്ചെടി കൃഷിയിലേക്ക് ഇപ്പോൾ എത്തുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വി.കോട്ടയം എഴുമണ്ണിൽ മാത്രം നാല് ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ ഒട്ടേറെ പൂന്തോട്ടങ്ങളുണ്ട്.
വി.കോട്ടയം എഴുമണ്ണിൽ 4 ഏക്കറിൽ ബന്ദിപ്പൂക്കൃഷി
പന്നിയെ പേടിക്കേണ്ട
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് പ്രമാടം. പന്നിക്കൂട്ടം വ്യാപകമായ കൃഷി നശിപ്പിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും പരമ്പരാഗത കൃഷിയിൽ നിന്ന് പിൻമാറി. ഇതോടെ തരിശുനിലങ്ങളും രൂപപ്പെട്ടു. ഇവിടം പന്നിക്കൂട്ടങ്ങളുടെ താവളവുമാണ്. ഇതിനുള്ള പ്രതിവിധിയായി, വലിയ മുതൽമുടക്കില്ലാതെ നല്ല വിളവും വരുമാനവും ലഭിക്കുന്നതും പന്നി ആക്രമണ പേടിയില്ലാത്തതുമായ ബന്ദി കൃഷി തുടങ്ങാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
വിഷരഹിതമായ ബന്ദിപ്പൂക്കൾ ന്യായ വിലയിൽ വിപണിയിൽ
എത്തിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി തുടങ്ങിയത്.
എൻ.നവനീത്,
പ്രമാടം പഞ്ചായത്ത് പ്രസിഡന്റ്