pared

അടൂർ : തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കെ.എ.പി ഒന്നാം ബറ്റാലിയനിലും അടൂർ ആസ്ഥാനമായുള്ള കെ.എ.പി മൂന്നാം ബറ്റാലിയനിലും അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 398 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്നലെ വൈകിട്ട് നാലിന് അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് സല്യൂട്ട് സ്വീകരിച്ചു. എ.ഡി.ജി.പി എം.ആർ.അജിത്‌കുമാർ, ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി ജയദേവ്.ജി, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാണ്ടൻറ് ജാക്സൺ പീറ്റർ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാണ്ടൻറ് മനോജ് കെ.നായർ, കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാണ്ടൻറ് ഡി.വിജയൻ , കൊല്ലം റൂറൽ എസ്.പി സാബു മാത്യൂസ് എന്നിവരും പങ്കെടുത്തു. കനത്ത മഴയിലാണ് പാസിംഗ് ഒൗട്ട് പരേഡ് പൂർത്തീകരിച്ചത്.

ഉന്നത വിദ്യാഭ്യാസമുള്ളവർ

പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത സേനാംഗങ്ങളിൽ മൂന്നുപേർ എം ടെക്കും 57 പേർ ബി ടെക്കും 30 പേർ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്. 14 പേർ എം.ബി.എ / ബി എഡ് , ഒരാൾ എം.സി.എ , ഒരാൾ എം.എസ്.ഡബ്ലിയു ,177 പേർ ഡിഗ്രി , 24 പേർ ഡിപ്ലോമ, ഒരാൾ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി , 90 പേർ ഐ.ടി.ഐ /വി.എച്ച്.എസ്.ഇ /പ്ലസ് ടു എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.

നല്ല വാക്കുകൾ പറയാൻ പൊലീസിന് സാധിക്കണം : ഡി.ജി.പി

പൊലീസിനെ സമീപിക്കുന്ന ഒരാൾക്ക് സേവനം കൊടുക്കാൻ സാധിച്ചില്ലെങ്കിൽ പോലും അവരോട് നല്ല വാക്കുകൾ പറഞ്ഞുവിടാൻ ഓരോ പൊലീസുകാരനും കഴിയണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. സാങ്കേതികതയുടെ ഈ കാലത്ത് സൈബർ, സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കുറ്റ കൃത്യങ്ങളും കൈകാര്യം ചെയുവാൻ ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയിൽ എത്തുന്നത് ഗുണപ്രദമാണെന്നും, ഇവിടെ നടന്നത് പ്രാഥമിക പരിശീലനം ആണെന്നും, ഇനിയുള്ള സർവീസിനിടയിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.