റാന്നി : റാന്നിക്ക് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസുകളുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അദ്ധ്യക്ഷയായി. ഡി.ടി.ഒ തോമസ് മാത്യു, അനിയൻ വളയനാട്ട്, ഇൻസ്‌പെക്ടർ ഇൻ ചാർജ് കെ.ആർ.മോഹൻ കുമാർ, എം.എസ്.ബാലകൃഷ്ണൻ, പി.എൻ.ഷിബു എന്നിവർ സംസാരിച്ചു.
റാന്നി സബ് ഡിപ്പോയ്ക്ക് ഒരു സൂപ്പർഫാസ്റ്റ് ഉൾപ്പെടെ മൂന്ന് ബസുകളാണ് അനുവദിച്ചത് . റാന്നിയിൽ നിന്ന് പാലക്കാടിന് അനുവദിച്ച കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പാസഞ്ചർ ബസ് രാവിലെ 7 ന് റാന്നിയിൽ നിന്ന് പുറപ്പെട്ട്, പാലാ, മൂവാറ്റുപുഴ, തൃശൂർ വഴി ഉച്ചയ്ക്ക് 1 ന് പാലയ്ക്കാട്ടെത്തും. .തിരികെ വൈകിട്ട് 3 ന് പാലക്കാട് നിന്ന് തിരിച്ച് രാത്രി 10.50ന് റാന്നിയിലെത്തും
പുനലൂർ മുണ്ടക്കയം ചെയിൻ സർവീസിനായാണ് രണ്ട് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പുനലൂർ മുണ്ടക്കയം ചെയിൻ സർവീസിൽ ഇടക്കാലത്ത് ബസുകൾ കുറഞ്ഞിരുന്നു. ഈ കുറവ് നികത്തി റാന്നിയെ ജില്ലാ കേന്ദ്രവുമായും തൊട്ടടുത്ത പ്രധാന പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്നതിന് വേണ്ടി ചെയിൻ സർവീസ് കാര്യക്ഷമമാക്കുന്നതിനാണ് പുതിയ രണ്ട് ബസുകൾ കൂടി അനുവദിച്ചത്.