1
തിരുവല്ല - മല്ലപ്പള്ളി റോഡിൽ ഖാദിപ്പിടിയിൽ സ്ഥാപിച്ചിരുന്ന ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണകൾ

മല്ലപ്പള്ളി : തിരുവല്ല- മല്ലപ്പള്ളി റോഡിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നത് അപകടഭീതി ഉണ്ടാക്കുന്നു. മല്ലപ്പള്ളി ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡ് തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുന:സ്ഥാപിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് വലിയ വാഹനങ്ങളുടെ കടന്നുകയറ്റത്തിന് കാരമായെന്ന ആക്ഷേപം ഇതോടെ ശക്തമായി. പഞ്ചായത്ത് ഓഫീസിന് സമീപത്തു കൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വളവും വീതികുറവും കുത്തനെയുള്ള ഇറക്കവുമായതിനാൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഭാരവാഹനങ്ങൾ പോകുന്നത് വിലക്കിയിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. ഇപ്പോൾ ടിപ്പർ ലോറികളും ഭാരം കയറ്റി എത്തുന്ന ലോറികളും നേരെ സെൻട്രൽ ജംഗ്ഷനിലേക്ക് എത്തുന്നുണ്ട്. ടൗണിലേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് ഖാദിപ്പടിയിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർന്നു കിടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. മുന്നറിയിപ്പ് ബോർഡില്ലാത്തതിനാൽ മറ്റിടങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂടി ടൗണിലേക്ക് വരുന്നത്.

താളംതെറ്റി വൺവേ സംവിധാനം

നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ കൂടി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതും അപകട ഭീഷണിയാണ്. ഇതുമൂലം വൺവേ സംവിധാനം 100 മീറ്റർ ദൂരത്തിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും തിരുവല്ല റോഡിൽ കൂടി പ്രവേശിച്ച് സെൻട്രൽ ജംഗ്ഷനിൽ എത്തുന്നതും, ആനിക്കാട് റോഡിൽ നിന്നു കോഴഞ്ചേരി തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി സെൻട്രൽ ജംഗ്ഷനിലൂടെ തിരിയുന്നതുമാണ് ടൗണിലെ വൺവേ സംവിധാനം.സെൻട്രൽ ജംഗ്ഷനിൽ നിന്നും തിരുവല്ല റോഡിലേക്ക് വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോ ഹോംഗാർഡുകളോ ഇല്ലാത്തത് പ്രശ്നം ഗുരുതരമാക്കുന്നുണ്ട്.

..............................

തകർച്ചയുള്ള മുന്നറിയിപ്പ് ബോർഡുകൾ പുന:സ്ഥാപിക്കുന്നതിനും ടൗണിലും പഞ്ചായത്ത് ബസ്റ്റാൻഡിലും പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കണം

(നാട്ടുകാർ)