അടൂർ : നഗരത്തിലെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് തകർന്നു. അടൂരിൽ യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതുമായ ബസുകൾ ഇവിടെയാണ് എത്തേണ്ടത്. ചവറ, ശാസ്താംകോട്ട, കടമ്പനാട്, ഭാഗത്ത് നിന്ന് അടൂരിലെത്തി പന്തളത്തേക്ക് പോകുന്ന ബസുകൾ ഈ സ്റ്റാൻഡിലാണ് നിറുത്തിയിടുന്നത്. ഇപ്പോൾ അകത്തേക്ക് വളഞ്ഞ് വന്ന് പാർക്ക് ചെയ്യാതെ കെ. പി റോഡിൽത്തന്നെ ബസുകൾ നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയുമാണ്. ഇതുമൂലം മിക്ക സമയങ്ങളിലും ഈ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ട്.
ബസ് സ്റ്റാൻഡിന് പരിസരത്തായി അടൂർ താലൂക്ക് ആശുപത്രി, മുനിസിപ്പാലിറ്റി ഓഫീസ്, എം. വി. ഡി, രജിസ്ട്രേഷൻ ഒാഫീസ് ,റവന്യൂ ടവർ , കോടതി, പോസ്റ്റ് ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ്, എസ്. എൻ. ഡി.പി, എൻ. എസ്.എസ് അടൂർ യൂണിയൻ ആസ്ഥാനങ്ങൾ അടക്കമുണ്ട്.
കെ. പി. റോഡിൽ വൺവേ കടന്നുപോകുന്ന ഭാഗത്തം സ്റ്റാൻഡായതിനാൽ കിഴക്ക് നിന്ന് വരുന്ന യാത്രക്കാർക്ക് ഈ സ്ഥാപനങ്ങളിൽ പോകുവാൻ ഈ സ്റ്റാൻഡിൽ തന്നെയാണ് ഇറങ്ങേണ്ടത്. നഗരസഭ ആസ്ഥാനത്തിന്റെ തൊട്ടടുത്തായുള്ള ബസ് സ്റ്റോപ്പ് ടാർ ചെയ്ത് നന്നാക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്.
----------------
ബസ് തിരിഞ്ഞുവരേണ്ട ഭാഗത്ത് കുഴികളാണ്. മഴ പെയ്താൽ ഈ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം മിക്കപ്പഴും റോഡിൽ ബസ് നിറുത്തേണ്ടി വരും.
സ്വകാര്യ ബസ് ജീവനക്കാർ
----------------
വലിയ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന സ്ഥലമായതിനാൽ അടയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണം.
അഡ്വ. മണ്ണടി മോഹനൻ
എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ കൺവീനർ