fpg

ചെന്നീർക്കര : പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ ജോലി കിട്ടിയതിന്റെ സന്തോഷത്തിലാണ് ചെന്നീർക്കര ഗവൺമെന്റ് ഐ.ടി.ഐയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഫുഡ് പ്രൊഡക്ഷൻ ജനറൽ (എഫ്.പി.ജി) വിഭാഗത്തിൽ പഠിച്ച 2024 ബാച്ചിലെ 43 വിദ്യാർത്ഥികൾക്കാണ് ജോലി ലഭിച്ചത്. സംസ്ഥാനത്തെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് നിയമനം. ഐ.ടി.ഐയിലെ എല്ലാ ട്രേഡുകളിലും മെച്ചപ്പെട്ട രീതിയിൽ പ്ലേസ്‌മെന്റ് നടക്കുന്നുണ്ടെങ്കിലും ഒരു ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പ്ലേസ്‌മെന്റ് ലഭിക്കുന്നത് ഇതാദ്യമാണെന്ന് പ്രിൻസിപ്പൽ വി.രജനി പറഞ്ഞു. ആഗസ്റ്റ് 31നാണ് ബാച്ചിന്റെ ഫൈനൽ പരീക്ഷ പൂർത്തിയായത്. കഴിഞ്ഞ ബാച്ചിലെയും 90 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയായ ഉടൻ തന്നെ പ്ലേസ്‌മെന്റ് ലഭിച്ചിരുന്നു.

കോട്ടയം മേഖലാ ട്രെയിനിംഗ് ഇൻസ്പക്ടർ എം.എഫ്.സംരാജ് വിവിധ കമ്പനികളുടെ നിയമന ഉത്തരവുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. പ്രിൻസിപ്പൽ വി.രജനി അദ്ധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് ബിന്ദു ഐപ്പ്, വൈസ് പ്രിൻസിപ്പൽ അന്നമ്മ വർഗീസ്, ജി.ഗോകുൽ, ആർ.ഷൈലജ, പി.സുരേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.

പഠന സമയത്ത് മികച്ച സ്ഥാപനങ്ങളിൽ ട്രെയിനിംഗിന് അവസരം ലഭിച്ചിരുന്നതും അദ്ധ്യാപകരുടെ പിൻതുണയുമാണ് ഈ നേട്ടത്തിന് കാരണം.

ഉത്തര.ബി.നായർ, വിദ്യാർത്ഥിനി

ജോലി ലഭിച്ച വിദ്യാർത്ഥികൾ : 43