പത്തനംതിട്ട: മാദ്ധ്യമ മേഖലയിലെ തൊഴിൽ പ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ട് കമ്മിഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരുടെ പെൻഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ പരിഹരിക്കണമെന്നും പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും സെക്രട്ടേറിയറ്റിലെ അക്രഡിറ്റ് മാദ്ധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരുന്ന പ്രവേശനാനുമതി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം വി വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ എസ്. ഷാജഹാൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ സാം ചെമ്പകത്തിൽ, ജി. രാജേഷ് കുമാർ, ജില്ലാ ഭാരവാഹികളായ സന്തോഷ് കുന്നുപറമ്പിൽ, എം ജെ പ്രസാദ്, ബിജു കുര്യൻ, ജി വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭരണസമിതി ചുമതലയേറ്റു.