പത്തനംതിട്ട: അയിരൂർ രാമേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഹൈടെക് കെട്ടിടം നാളെ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പത്തുലക്ഷം രൂപ വിനിയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കായി നിർമ്മിച്ച വർണക്കൂടാരവും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 11.30ന് സ്കൂളിൽ ചേരുന്ന യോഗത്തിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വർണക്കൂടാരം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ വി. പ്രസാദ്, ജനറൽ കൺവീനർ അനിൽ എം. ജോർജ്, പി.ടി.എ പ്രസിഡന്റ് രമാദേവി, പബ്ലിസിറ്റി കൺവീനർ ബിനു ചിറപ്പുറം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.