shoot
തിരുവല്ല മുത്തൂരിൽ ഇന്നലെ വെടിവെച്ചു കൊന്ന കാട്ടുപന്നികൾ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിവിതച്ച കാട്ടുപന്നികളിൽ അഞ്ച് എണ്ണത്തിനെ വെടിവച്ചു കൊന്നു. തിരുവല്ല മുത്തൂർ പ്രദേശങ്ങളിൽ ഭീതിവിതച്ച കാട്ടുപന്നികളെയാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വെടിവച്ചു കൊന്നത്. മുത്തൂർ ക്രൈസ്റ്റ് സ്‌കൂളിന്റെയും ദർശന അക്കാഡമിയുടെയും ഇടയിലുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ആറ് പന്നികളെ കൂട്ടമായികണ്ടെത്തിയിരുന്നു. തുടർന്നാണ് അധികൃതരെത്തി നടപടി സ്വീകരിച്ചത്. ലൈസൻസ് നേടിയ പാലാ സ്വദേശികളായ വിനീത് കരുണാകരൻ, ജോസഫ് മാത്യു, മല്ലപ്പള്ളി സ്വദേശി ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ഇവറ്റകളെ കൊന്നത്. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിയുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിന്നീട് കുഴിച്ചുമൂടി. കൃഷി നശിപ്പിക്കുന്ന പന്നികളെ കണ്ടെത്തുന്നവർ വിവരം അധികൃതരെ അറിയിക്കുകയാണെങ്കിൽ ഇവറ്റകളെ കൊന്നൊടുക്കാൻ ഇവർ വീണ്ടും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.