
പത്തനംതിട്ട : വിവാദത്തിലായതോടെ സ്ഥലംമാറ്റിയ സുജിത്ത് ദാസിന് പകരം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാർ ഇന്ന് ചുമതലയേൽക്കും. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1ലെ എസ്.പിയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയാണ്. 1995ൽ സബ് ഇൻസ്‌പെക്ടറായിട്ടാണ് വിനോദ് കുമാർ പൊലീസിന്റെ ഭാഗമായത്. 2021ൽ ഐ.പി.എസ്. ലഭിച്ചു. 160 ഗുഡ്സർവീസ് എൻട്രികൾ, രണ്ട് ബാഡ്ജ് ഓഫ് ഓണർ മറ്റ് നിരവധി അംഗീകാരങ്ങൾ സർവീസിനിടെ കിട്ടിയിട്ടുണ്ട്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള 2011ലെ പൊലീസിന്റെ സ്വർണമെഡൽ, 2014ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
2010ൽ തിരുവല്ല ഡിവൈ.എസ്.പി ആയിരുന്നപ്പോൾ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലായിൽ ഡി.വൈ.എസ്.പി ആയിരുന്നപ്പോൾ മുതിർന്ന പൗരൻമാർക്കായി എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഹോട്ട്‌ലൈൻ ഏർപ്പെടുത്തിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബി.എസ്.പ്രമീളയാണ് ഭാര്യ. വി.അക്ഷയ് കൃഷ്ണൻ, ആര്യൻ വി.നായർ എന്നിവരാണ് മക്കൾ.