മല്ലപ്പള്ളി: വഴിയാത്രക്കാരുടെയും സ്കൂൾ കുട്ടികളുടെയും ജീവന് ഭീഷണിയായി തെരുവു നായ്ക്കൂട്ടം. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ചെങ്ങരൂർ ബി.എഡ് കോളേജ് മുതൽ ചെങ്ങരൂർകവല വരെയാണ് നായ്ക്കൾ കൂട്ടമായി വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇരുചക്ര വാഹനത്തിൽ പോകുന്നവരുടെ പുറകെ കുരച്ചുചാടുകയും നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ വീട്ടുടമസ്ഥയുടെ വീട്ടിലേക്ക് തെരുവു നായ്കൾ കൂട്ടത്തോടെ എത്തുകയും വീട്ടുടമസ്ഥയെ ആക്രമിക്കുകയും ചെയ്തിരുന്നു. ദിവസേന 500ൽ അധികം സ്കൂൾ കുട്ടികൾ ബസ് കാത്ത് നിൽക്കുകയും കാൽനടയാത്രക്കാരും ഏറയുള്ള റോഡാണിത്. ബസ് കാത്തുനില്ക്കുന്ന സ്കൂൾ കുട്ടികളുടെ അടുത്തേക്ക് തെരുവു നായ്കൾ കുരച്ചു ചാടുന്നതും കുട്ടികൾ പേടിച്ച് ഓടുന്നതും പതിവാണ്. ഇവിടെ പല തവണ വാർഡുമെമ്പറുടെയും കല്ലൂപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും അതികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നാട്ടിൽപുറങ്ങളിൽ വളരുന്ന തെരുവ് നായ്കളെ നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
...............................
നിരവധി തവണ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നിസംഗമായ നിലപാട് അധികൃതർ സ്വീകരിക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം.
രാജീവ് .കെ.ആർ
(പ്രദേശവാസി)
..................
500 കുട്ടികൾ ദിവസവും ബസ് കാത്ത് നിൽക്കുന്ന റോഡ്