shop
കള്ളുഷാപ്പിലെ റെയ്ഡിൽ പിടികൂടിയ സ്‌പിരിറ്റ്‌

തിരുവല്ല : പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പിൽ എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്വാമിപാലം ജംഗ്ഷന് സമീപത്തുള്ള ഷാപ്പിന്റെ പിന്നിലെ ഷെഡിന്റെ പിൻവശത്താണ് 5 ലിറ്ററിന്റെ നാല് കന്നാസുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 7ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇത് പിടികൂടിയത്. വില്പനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് എത്തിച്ചതെന്നും ഷാപ്പിന്റെ ലൈസൻസിയായ തൃശ്ശൂർ സ്വദേശി പി.എ സുരേഷിനെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ എന്നിവരുടെ സംഘം റെയ്ഡിൽ പങ്കെടുത്തു.