തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു. തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച ശില്പശാലയിൽ ന്യൂറോളജി, ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ന്യൂറോളജി നഴ്സുമാരും അടക്കം 130ഓളം പേർ പങ്കെടുത്തു. ശില്പശാലയുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ ഡോ.ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ.ജോൺ കെ.ജോൺ, സീനിയർ കൺസൾട്ടൻറുമാരായ ഡോ.അനിൽകുമാർ ശിവൻ, ഡോ.ജോബൻ ജോൺ, കൺസൾട്ടന്റുമാരായ ഡോ.അർച്ചന എം, ഡോ.ജെറി എ.ജോർജ്, ഡോ.ഹരികൃഷ്ണൻ ആർ എന്നിവർ ക്ലാസുകൾ നയിച്ചു. ന്യൂറോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ പരമ്പരയിലെ ആദ്യ ശില്പശാലയാണിത്. പ്രമുഖ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രണ്ടാമത്തെ ശില്പശാല നവംബർ 30ന് നടത്തുവാൻ തീരുമാനിച്ചു.