
പത്തനംതിട്ട : പൊലീസിലെ ക്രിമിനൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനുനേരെ കൊടികളും കുപ്പികളും വലിച്ചെറിഞ്ഞു. പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലെത്തി റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അദ്ധ്യക്ഷതവഹിച്ചു. സാംജി ഇടമുറി, ബിബിൻ ബേബി, ടി.ജി.നിതിൻ, കാഞ്ചന, നെജോ മെഴുവേലി, ചിത്ര രാമചന്ദ്രൻ, ടെറിൻ, ബിന്ദു, ബിനു തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.