കോന്നി: പുലിയെപ്പേടിച്ച് കഴിയുകയാണ് കലഞ്ഞൂർ പഞ്ചായത്തിലെ മലയോരം. കൂടൽ രാക്ഷസൻപാറയുടെ അടിവാരത്തെ പാറയ്ക്ക് മുകളിലാണ് പ്രദേശവാസികൾ പുലിയെ കണ്ടത്. ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു . ഇതിന് സമീപത്തായി വനംവകുപ്പ് വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം സ്ഥിരമായി ഉള്ളതായും രാത്രിയിലും പകലും ഇവിടെ അലർച്ച കേൾക്കുന്നതായി നാട്ടുകാർ പറയുന്നു.
കലഞ്ഞൂർ കുടപ്പാറ മലയിലും ഇഞ്ചപ്പാറ കോട്ടപ്പാറയിലും മുറിഞ്ഞകൽ പാറക്കടവിലും മുമ്പ് നാട്ടുകാർ പുലിയെ കണ്ടിരുന്നു. രണ്ടുവർഷം മുമ്പ് മുറിഞ്ഞകൽ - അതിരുങ്കൽ റോഡിൽ പാറക്കടവ് ജനവാസമേഖലയിൽ പുലിയെത്തിയിരുന്നു . പാറക്കടവിൽ ബിജുജോണിന്റെ വീട്ടിലെ സി.സി. ടിവിയിൽ പുലി റോഡിലൂടെ നടന്നുപോകുന്നത് കണ്ടിരുന്നു. പുനലൂർ-പത്തനംതിട്ട റോഡിൽനിന്ന് ഇരുന്നൂറ് മീറ്റർ ദൂരത്തൂടെയാണ് പുലി പോയത്. . ഒരു വർഷത്തിനിടയിൽ പലതവണ പുലിയുടെ ആക്രമണം ഉണ്ടായ പോത്തുപാറയിൽ പ്രദേശവാസികൾ ഭയത്തിലാണ്. പോത്തുപാറയ്ക്ക് സമീപമുള്ള പാക്കണ്ടം, കാരയ്ക്കാക്കുഴി, പൂമരുതിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും പുലിയുടെ സാന്നിദ്ധ്യം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കണ്ടം ഭാഗത്തുനിന്ന് മുമ്പ് ഒരു പുലിയെ വനംവകുപ്പ് കൂടുവച്ച് പിടികൂടിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തോളം വീടുകളിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. നിരവധി ആടുകളെയും വളർത്തുനായ്‌ക്കളെയും പുലി കൊന്നു. പഞ്ചായത്തിലെ ഇഞ്ചപ്പാറ, കാരയ്ക്കാക്കുഴി, കല്ലുവിള, പാക്കണ്ടം പ്രദേശങ്ങളിലെ ജനങ്ങൾ വർഷങ്ങളായി പുലിപ്പേടിയിലാണ് . റബർ തോട്ടങ്ങളിലെയും പാറമടകളുടെ സമീപത്തെയും പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്.
--------------------
കലഞ്ഞൂർ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിൽ ജനങ്ങൾ പുലിപ്പേടിയിലാണ്. സർക്കാർ നടപടി സ്വീകരിക്കണം.
ദിലീപ് അതിരുങ്കൽ ( പൊതുപ്രവർത്തകൻ )