b

പത്തനംതിട്ട: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണം പദ്ധതി മുടങ്ങാതെ കൊണ്ടുപോകുന്നതിന് പ്രധാന അദ്ധ്യാപകർക്ക് ലഭിക്കുന്നത് വലിയ ശിക്ഷ. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഉച്ചഭക്ഷണ തുക രണ്ടുമാസമായി ലഭിക്കുന്നില്ല. ഒാണത്തിന് മുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചു. സ്വന്തം പോക്കറ്റിൽ നിന്ന് മുടക്കിയും സ്കൂൾ പി.ടി.എയിൽ നിന്ന് ചെലവഴിച്ചുമാണ് പദ്ധതി നടത്തുന്നത്. കടക്കെണിയിലായ പ്രധാന അദ്ധ്യാപകർക്ക് ഇത്തവണ വറുതിയുടെ ഒാണമാണ്. കിട്ടുന്ന ശമ്പളം കടകളിലെ കുടിശിക തീർക്കാനും പാചക തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുമായി വീതിക്കേണ്ട സ്ഥിതിയായി.

സ്കൂൾ അദ്ധ്യയന വർഷം ആരംഭിച്ച ജൂൺ മാസത്തെ തുക ലഭിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ തുക ലഭിക്കാനുണ്ട്.

കഴിഞ്ഞ വർഷം ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴാണ് തുക ലഭിച്ചത്. ഇൗ വർഷം ഒാണമായിട്ടും പണം കിട്ടാതെ വന്നതോടെ സംഘടനകൾ സെക്രട്ടേറിയറ്റ് സമരം ഉൾപ്പെടെ പ്രക്ഷോഭം നടത്തിയിരുന്നു. മുട്ടയും പാലും ഉച്ചഭക്ഷണവും നൽകുന്നതിന് പ്രധാന അദ്ധ്യാപകർ മുൻകൂറായി പണം ചെലവഴിക്കുകയാണ്.

പത്തനംതിട്ട ജില്ലയിൽ മാത്രം പതിനാല് കോടിയിലേറെ സർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്ന് പ്രധാന അദ്ധ്യാപകർ പറയുന്നു. സംസ്ഥാനത്താകെ ഇരുന്നൂറ് കോടിക്കടുത്താണ് കുടിശിക.

വിലയേറി, തുക തുച്ഛം

സാധനങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്. മുട്ടയ്ക്കും പാലിനും പച്ചക്കറിക്കും വിപണിയിൽ ഇൗടാക്കുന്ന വിലയല്ല ഉച്ചഭക്ഷണ തുകയായി സർക്കാരിൽ നിന്ന് ലഭിക്കുന്നത്. വിപണി നിരക്കിലും താഴെയുള്ള തുകയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ബാക്കി തുക പ്രധാന അദ്ധ്യാപകർ കൈയിൽ നിന്ന് ചെലവാക്കുന്നു. വിപണി വിലയനുസരിച്ച് തുക ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായപ്പോൾ നാമമാത്ര വർദ്ധനവാണ് അനുവദിച്ചത്. നേരത്തെ ഒരു കുട്ടിക്ക് എട്ട് രൂപയായിരുന്നു. ഉച്ചഭക്ഷണം മുടങ്ങുമെന്നായപ്പോൾ 2.23രൂപ കൂട്ടി.

--------------------------

# ജില്ലയിലെ പ്രധാന അദ്ധ്യാപകർക്ക് ലഭിക്കാനുള്ള തുക 14.28 കോടി

# ഒരു മുട്ടയ്ക്ക് വിപണിയിൽ 7 രൂപ. സർക്കാർനൽകുന്നത് 6രൂപ

# ഒരു ലിറ്റർ പാലിന് വിപണിയിൽ 56രൂപ, സർക്കാർ നിരക്ക് 52.

-----------------

തുക അനുവദിച്ചു കിട്ടിയില്ലെങ്കിൽ പ്രധാന അദ്ധ്യാപകരുടെ ഒാണം ദുരിതത്തിലാകും. സർക്കാർ അടിയന്തര ന‌ടപടി സ്വീകരിക്കണം.

കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.