തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നാളെ ഒരുകോടി കറുകയുടെ അഭിഷേകം നടക്കും. തമിഴ്‌നാട് ശങ്കരൻകോവിൽ സ്വദേശിയും പുഷ്പം മൊത്തവ്യാപാരിയുമായ പാണ്ഡ്യൻ ശരണവണന്റെ വഴിപാടാണ് കറുകമൂടൽ. കടുത്ത രോഗാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് ഗണപതി ഭജനംമൂലം രോഗമുക്തിയുണ്ടായതിന്റെ സ്മരണയ്ക്കാണ് വിഘ്നേശ്വരനുള്ള സമർപ്പണം. കഴിഞ്ഞ 10കൊല്ലമായി വഴിപാടിന് മുടക്കമില്ല. തെങ്കാശി, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് കറുക എത്തിക്കുന്നത്. മൂന്നുമാസം മുമ്പ് കൃഷിചെയ്ത ഒരുകോടി കറുക നാമ്പാണ് (ഏകദേശം 150കിലോ കറുകപുല്ല്) എത്തിച്ചിട്ടുള്ളത്. ഇരുപതോളം തൊഴിലാളികൾ ചേർന്നാണ് കറുകനാമ്പ് എണ്ണിത്തിട്ടപ്പെടുത്തുന്നത്. യമ്മർകുളങ്ങര ക്ഷേത്രസമിതി പ്രവർത്തകരും ഭക്തരും ചേർന്ന് പനിനീരിൽ കഴുകി ഉണക്കിയാണ് അഭിഷേകത്തിന് സമർപ്പിക്കുക. നാളെ പുലർച്ചെ ചടങ്ങുകൾ തുടങ്ങും. തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യകാർമ്മികനാകും. മേൽശാന്തി വാഴയിൽമഠം നാരായണൻ നമ്പൂതിരിയാണ് സഹആചാര്യൻ. പുലർച്ചെ 10,008 നാളികേരത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം. തുടർന്ന് പ്രസന്നപൂജ, കലശാഭിഷേകം, കളഭം എഴുന്നള്ളത്ത് ഉച്ചയ്ക്ക് ചതുർത്ഥിയൂട്ട്. വൈകിട്ട് എതിരേൽപ്പ് എന്നിവ നടക്കും.