
പത്തനംതിട്ട : ഓണത്തിന് മുമ്പേ ഉപ്പേരിക്കച്ചവടം പൊടിപൊടിക്കുകയാണ്. നഗരത്തിലെ ഉപ്പേരിക്കടകളിലെ താരം ഏത്തയ്ക്ക ഉപ്പേരി തന്നെ. കിലോയ്ക്ക് 300 രൂപയിലധികം വിലയാണ് ഈടാക്കുന്നത്. ഓണം അടുക്കുമ്പോഴേക്കും ഇത് വീണ്ടും വർദ്ധിക്കാനാണ് സാദ്ധ്യത. ഉപ്പേരിയില്ലാതെ ഓണമുണ്ണാൻ കഴിയില്ല മലയാളികൾക്ക്. അതുകൊണ്ട് ഉപ്പേരിക്ക് വില കൂടിയാലും കുറഞ്ഞാലും ആളുകൾ വാങ്ങുമെന്ന സ്ഥിതിയാണ്.
ഒരു കിലോ എത്തക്കായ്ക്ക് 80 രൂപ മുതൽ 90 രൂപ വരെയാണ് വില. നാടൻ എത്തക്കായ്ക്ക് വില കൂടും. മേട്ടുപ്പാളയം, വയനാടൻ എത്തക്കുലകളാണ് ജില്ലയിൽ കൂടുതലായും ഉപ്പേരിക്ക് ഉപയോഗിക്കുന്നത്. ഇത്തവണ മേട്ടുപ്പാളയം കുലകളാണ് കൂടുതലും ഉപയോഗിക്കുന്നത്. മൂന്നുകിലോ ഏത്തയ്ക്കാ ഉപയോഗിച്ചാലെ ഒരു കിലോ ഉപ്പേരി തയ്യാറാക്കാൻ കഴിയു എന്നാണ് വ്യാപാരികൾ പറയുന്നത്. പാമോയിലിലും വെളിച്ചെണ്ണയിലും വറുത്ത ഉപ്പേരിയുണ്ട്. പാമോയിലിൽ വറുത്തെടുക്കുന്ന ഉപ്പേരിക്ക് ഇരുപത് രൂപ കുറയും. . ശർക്കര വരട്ടിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലാണ്. ഉപ്പേരിക്കച്ചവടക്കാർ ഓൺലൈനിലും സജീവമാണ്. ഫോൺ വിളിച്ച് നേരത്തെ ബുക്ക് ചെയ്താൽ ഉപ്പേരി വീട്ടിൽ എത്തും. പ്രത്യേക സൈറ്റുകളും ഇപ്പോഴുണ്ട്. മേളകളിൽ ചെറിയ വില വ്യത്യാസമുണ്ട് ഉപ്പേരിക്ക്. പക്ഷേ ദിവസവും അൻപത് കിലോ ഗ്രാമിലധികം ഉപ്പേരി വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ജില്ലാതല ഓണം ഫെയർ
പത്തനംതിട്ട : പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് പാരിഷ് ഹാളിന് എതിർവശത്തുള്ള കിഴക്കേടം ബിൽഡിംഗിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയർ മന്ത്രി വീണാ ജോർജ്. ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എ. ദിലീപ്കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.14 വരെ രാവിലെ 9.30 മുതൽ രാത്രി എട്ട് വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്.
പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, പച്ചക്കറി, മിൽമ ഉൽപന്നങ്ങൾ തുടങ്ങി വിവിധ നിത്യോപയോഗ സാധനങ്ങളും വ്യത്യസ്ത ബ്രാന്റുകളുടെ കൺസ്യൂമർ ഉൽപനങ്ങളും അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.