കോന്നി : നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ. എ യുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ നിർദ്ദേശപ്രകാരമായിരുന്നു യോഗം. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഒക്ടോബർ ആദ്യവാരം ചിറ്റാർ, സീതത്തോട്,അരുവാപ്പുലം വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിനും ഇത് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും എം.എൽ.എ നിർദേശം നൽകി. ഡിജിറ്റൽ സർവേ പൂർത്തീകരിച്ച കോന്നി താഴം, തണ്ണിത്തോട് വില്ലേജുകളിലെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.റവന്യൂ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കാലങ്ങളായി വീട് വച്ച് താമസിക്കുന്ന കുടുംബങ്ങൾ പട്ടയത്തിനായി സമർപ്പിച്ച അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനുംമൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം, കോന്നി പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനും എം.എൽ.എ നിർദേശം നൽകി. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോർജ്, കോന്നി തഹസിൽദാർ മഞ്ജുഷ, അടൂർ തഹസിൽദാർ സാം, കോഴഞ്ചേരി തഹസിൽദാർ ടി.കെ.നൗഷാദ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ്,വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യൂ-സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.