
കോന്നി : വിവാഹത്തിന് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനും തടയാൻ ശ്രമിച്ച സഹോദരനെ വാഹനം ഇടിച്ചുകൊലപ്പെടുത്താനും ശ്രമിച്ചവരെ റിമാൻഡ് ചെയ്തു.പ്രക്കാനം രാജീവ് ഭവനത്തിൽ സന്ദീപ്(23), ഇലന്തൂർ മുന്നവിമംഗലത്ത് ആരോമൽ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമം,തട്ടിക്കൊണ്ടുപോകൽ,സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ പയ്യനാമണ്ണിലായിരുന്നു സംഭവം . സന്ദീപും ആരോമലും ഇതിൽ ഒരാളുടെ ഭാര്യയും പയ്യനാമണ്ണിൽ എത്തി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയുടെ സഹോദരനെ വിളിക്കുകയും നിനക്ക് പേടിയാണെങ്കിൽ സഹോദരിയെ കൂട്ടി കാറിനടുത്തേക്ക് വരുവാനും ആവശ്യപ്പെട്ടു. ഇതുകേട്ട് ഇവർ കാറിനടുത്ത് എത്തിയപ്പോൾ കാറിൽ ഇരുന്ന ഒരാൾ പെൺകുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റി. ഈ സമയം കൂടെയുള്ള ആൾ കാർ മുന്നോട്ട് ഓടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ സഹോദരൻ കാറിന് മുന്നിൽ എത്തി വാഹനം തടയാൻ ശ്രമിച്ചു. ഇയാളെ 25 മീറ്ററോളം കാർ വലിച്ചിഴച്ചു കൊണ്ടുപോയി. ഈ സമയം ഈ വഴി വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടഞ്ഞ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു . വാടകയ്ക്കെടുത്ത കാറിലാണ് പ്രതികളെത്തിയത്.