
പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്ന് മലയാലപ്പുഴ വഴി മലയോര ഗ്രാമമായ തലച്ചിറയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു. നിത്യേന വൈകിട്ട് 5.10, 5.30, 6.05, 6.45 എന്നീ സമയങ്ങളിലാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തലച്ചിറയിലേക്ക് സർവീസുള്ളത്. മിക്കദിവസങ്ങളിലും 5.30നും 6.05നും പുറപ്പെടുന്ന സർവീസുകൾ റദ്ദുചെയ്യും. ബസിൽ കയറാൻ എത്തുമ്പോൾ ആയിരിക്കും സർവീസ് റദ്ദാക്കിയ കാര്യം യാത്രക്കാർ അറിയുക. ബസ് ഇല്ലെങ്കിൽ അമിത യാത്രാക്കൂലി നൽകി സമാന്തര സർവീസുകളെ ആശ്രയിക്കേണ്ടിവരും.
വടശ്ശേരിക്കര ഭാഗത്തുകൂടി പോകുന്ന ബസിൽ കയറി 20രൂപ ടിക്കറ്റ് എടുത്ത് ചെങ്ങറമുക്കിലിറങ്ങി ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ 60 രൂപ നൽകിയാൽ തലച്ചിറയിലെത്താം. ഇങ്ങനെ കൂടുതൽ പണം നൽകി യാത്രചെയ്യാൻ നിവർത്തിയില്ലാത്തവർ അവസാന ബസ് പുറപ്പെടുന്നതുവരെ സ്റ്റാൻഡിൽ കാത്തിരിക്കേണ്ടിവരും.
കെ.എസ്.ആർ.ടി.സിയുടെ നിരുത്തരവാദപരമായ സമീപനം പതിവ് യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വൈകുന്നേരങ്ങളിലെ സർവീസ് മുടങ്ങുന്നതുമൂലം വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെയുള്ള യാത്രക്കാർ വീടുകളിലെത്തുമ്പോൾ രാത്രിയാകും. ഇത് സാമ്പത്തിക നഷ്ടം മാത്രമല്ല സുരക്ഷിതമായ യാത്രയ്ക്കും തടസമാണ്.
ധന്യ, യാത്രക്കാരി.