
പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ 42 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഒാഫീസുകൾ ഒരു കൂരയ്ക്ക് കീഴിലേക്ക്. കോളേജ് ജംഗ്ഷനിൽ എക്സൈസ് കോംപ്ലക്‌സ് സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. 2.74 കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്ന് ചെലവിട്ടാണ് എക്സൈസ് കോംപ്ലക്‌സ് യാഥാർത്ഥ്യമാക്കിയത്. 45 സെന്റ് സ്ഥലവും 8217 ചതുരശ്ര അടി വിസ്തീർണവുമുള്ള കെട്ടിടസമുച്ചയം എക്സൈസ് ഒാഫീസുകൾക്കായി വാങ്ങുകയായിരുന്നു.
മുൻപ് എസ്.പി ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവുമാണിത്. എസ്.പി ഓഫീസ് വർഷങ്ങളായി ഇവിടെ വാടക നൽകി പ്രവർത്തിച്ചിരുന്നു.
അഞ്ച് ഓഫീസുകൾ
എക്സൈസ് കോംപ്ലക്സിൽ
1.എക്സൈസ് ഡിവിഷൻ ഓഫീസ്
2. എക്‌സൈസ് സ്‌പെഷ്യൽസ് സ്‌ക്വാഡ് ഓഫീസ്
3. എക്‌സൈസ് സർക്കിൾ ഓഫീസ്
4. എക്‌സൈസ് റെയിഞ്ച് ഓഫീസ്
5. എക്‌സൈസ് ഇന്റലിജൻസ് വിഭാഗം
പദ്ധതി ചെലവ് : 2.74 കോടി രൂപ
എക്‌സൈസ് കോംപ്ലക്‌സ് യാഥാർത്ഥ്യമായതോടെ മാസവാടക
ഇനത്തിൽ നൽകിയിരുന്ന 1.25 ലക്ഷം രൂപ സർക്കാരിന് ലാഭിക്കാം.
ഉദ്ഘാടനം 10ന്
ജില്ലാ എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 10ന് രാവിലെ 9.30 ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രിവീണ ജോർജ് അദ്ധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ.കെ.യു ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ , അഡീഷണൽ എക്സൈസ് കമ്മിഷണർ കെ.എസ്.ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.റോബർട്ട് , അസി.എക്സൈസ് കമ്മിഷണർ രാജീവ് ബി.നായർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ ആചാരി, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അയൂബ് ഖാൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ജോസ് കളിയിക്കൽ, എക്സൈസ് സി.ഐ എസ്.ഷാജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.