
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ മൂന്നാംവാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല തദ്ദേശ അദാലത്ത് 10ന് രാവിലെ 8.30ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലും നടന്നുവരുന്ന അദാലത്തിന്റെ അവസാന അദാലത്താണ് ജില്ലയിൽ നടക്കുന്നത്. മന്ത്രിമാർ, എം.പി, എം.എൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽചെയർമാൻ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങി വിവിധ മേഖലകളിലെ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ.രശ്മിമോൾ, നോഡൽ ഓഫീസർ ജെ.രാജേഷ്‌കുമാർ, ആർ.സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പരിഗണിക്കുന്ന അപേക്ഷകൾ
ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്ക്കരണം , വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ , സിവിൽ രജിസ്‌ട്രേഷൻ , നികുതികൾ ,ഗുണഭോക്തൃ പദ്ധതികൾ ,പദ്ധതി നിർവഹണം , സാമൂഹ്യ സുരക്ഷ പെൻഷനുകൾ , മാലിന്യ സംസ്‌കരണം ,പൊതുസൗകര്യങ്ങളും സുരക്ഷയും ,ആസ്തി മാനേജ്മെന്റ് , സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത.
ഓൺലൈനായി ലഭിച്ച അപേക്ഷകൾ : 819, പരാതികൾ അദാലത്ത് ദിവസം രാവിലെ 8.30 മുതൽ സ്വീകരിക്കും, ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികൾ അദാലത്തിൽ സ്വീകരിക്കുന്നതല്ല.
ടോക്കണുകൾ വാങ്ങണം
അദാലത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മെയിൻ ഹാളിൽ ഉള്ള റിസപ്ഷൻ കൗണ്ടറിൽ നിന്ന് ടോക്കണുകൾ വാങ്ങി വേണം സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ. അദാലത്ത് പോർട്ടലിൽ അപേക്ഷ നൽകിയ അപേക്ഷകർ രജിസ്‌ട്രേഷൻ കൗണ്ടറിൽ ഹാജരാകുന്ന മുറയ്ക്ക് ടോക്കൺ നൽകുന്നതും വോളണ്ടിയേഴ്‌സ് അവരെ അപേക്ഷ പരിഗണിക്കുന്ന അദാലത്ത് സമിതികളുടെയും പരാതികൾ പരിഹരിക്കപ്പെട്ടിട്ടില്ല എങ്കിൽ മന്ത്രിയുടെയും ഡയസിലേക്കും എത്തിക്കുന്നതാണ്.