k-sree

പത്തനംതിട്ട : കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേളയുടെ ഉദ്ഘാടനവും കെ ലിഫ്റ്റ് ജില്ലാതല പ്രഖ്യാപനവും 10ന് രാവിലെ 10ന് പത്തനംതിട്ടയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രിവീണ ജോർജ് അദ്ധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , ആന്റോ ആന്റണി എം.പി, എം.എൽ.എ മാരായ അഡ്വ.മാത്യു ടി.തോമസ്, അഡ്വ. കെ.യു.ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും.

പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ തയ്യാറാക്കുന്ന പ്രത്യേക പന്തലിലാണ് വിപണന മേള നടക്കുന്നത്. 14ന് മേള സമാപി​ക്കും.

വാർത്താ സേമ്മളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ജയകുമാർ, ബിന്ദുരേഖ എന്നിവർ പങ്കെടുത്തു.

കുടുംബശ്രീയുടെ ഭക്ഷ്യമേള

വിപണനമേളയിൽ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ തയ്യാറാക്കുന്ന വിവിധതരം ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാകും. നൂറുതരം അച്ചാറുകൾ, നൂറുതരം ചിപ്‌സ്, അട്ടപ്പാടി വനസുന്ദരി ചിക്കൻ വിവിധ ജില്ലയിൽ നിന്നും വ്യത്യസ്തമായ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ട് എന്നിവയും ഉണ്ടാവും.

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്
കുളനട ഗ്രാമപഞ്ചായത്തിലെ ഡി.ടി.പി.സിയുടെ വഴിയോര വിശ്രമ കേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ പ്രീമിയം റെസ്‌റ്റോന്റ് ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30ന് നടക്കും. 1.5 ഏക്കറിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിൽ ഒരേസമയം 50ൽ അധികം ആളുകൾക്ക് ഇരിക്കുവാൻ സാധിക്കുന്ന തരത്തിൽ ഭക്ഷണശാലയും, അതിനോടനുബന്ധിച്ചു ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ആധുനിക അടുക്കളയും സജ്ജീകരിച്ചിട്ടുണ്ട്.
മന്ത്രി വീണാജോർജിന്റ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ബാൻക്വറ്റ് ഹാളിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കിയോസ്‌കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പനും, നോൺ എ.സി റിഫ്രഷ്‌മെന്റ് ഹാളിന്റെ ഉദ്ഘാടനം കളക്ടർ പ്രേം കൃഷ്ണനും നിർവഹിക്കും.