 
പന്തളം: പന്തളം ട്രഷറികെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും അധികൃതർ നിസംഗത തുടരുന്നു. ശക്തമായ മഴ പെയ്താൽ കെട്ടിടത്തിനുള്ളിൽ വെള്ളം വീഴുകയാണ്. ഭിത്തിയിലൂടെയും മഴവെള്ളം ഒലിച്ചിറങ്ങുകയാണ്. നനഞ്ഞു കുതിർന്ന ഭിത്തിയിൽ തൊട്ടാൽ വൈദ്യുതാഘാതമേൽക്കുമെന്നും ജീവനക്കാർ പരാതിപ്പെടുന്നു.വെട്ടുകല്ലിൽകെട്ടി കുമ്മായം തേച്ച ഭിത്തിതന്നെ നിലംപൊത്തുന്ന സ്ഥിതിയാണ്. മഴയിൽ നിന്നും രക്ഷനേടാൻ മേൽക്കൂര മുഴുവൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിന് ട്രഷറി കാൽഭാഗത്തോളം മുങ്ങിയപ്പോൾ കെട്ടിടം കൂടുതൽ ബലക്ഷയമായി.കൗണ്ടറിന് മുകളിൽ കൈവെയ്ക്കാനോ ഫയലുകൾ വയ്ക്കാനോ പറ്റില്ല. ഫ്ളൈവുഡ് കൊണ്ടുണ്ടാക്കിയ തട്ട് പൊളിഞ്ഞ് വീഴാറായതിനാൽ അതിന് മുകളിൽ ഫ്ളൈവുഡിന്റെ കഷണങ്ങൾവച്ച് മറച്ചിരിക്കുകയാണ്. കൗണ്ടറിന്റെ താഴത്തെ പലകകളും അടർന്നിട്ടുണ്ട്. പലതവണ സർക്കാർ ഫണ്ടുപയോഗിച്ചും ജീവനക്കാർ പണം സ്വരൂപിച്ചും നന്നാക്കാൻ ശ്രമിച്ചിട്ടും ഈർപ്പംകാരണം വീണ്ടും തകരാറിലാകുന്ന സ്ഥിതിയാണ്.
പുതിയ കെട്ടിടമെന്നത് വർഷങ്ങളായുള്ള ആവശ്യം
ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ് ട്രഷറിക്ക് പുതിയ കെട്ടിടം എന്നത്. നിർമ്മാണത്തിന്ബ ഡ്ജറ്റിൽ പണം വക കൊള്ളിച്ചെന്ന് കേൾക്കാൻ തുടങ്ങിയിട്ടും വർഷം പലതുകഴിഞ്ഞു. എന്നാൽ നാളിതുവരെയും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ നിന്നും ട്രഷറിക്ക് മോചനമില്ല. പന്തളം പഞ്ചായത്ത് വരുന്നതിനു മുമ്പ് തോന്നല്ലൂർ പഞ്ചായത്തോഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോഴത്തെ ട്രഷറി. ആരംഭിച്ച കാലത്ത് പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടവും രണ്ട് സർവേ നമ്പറുകളിലായി അത് നിൽക്കുന്ന 17 സെന്റ് സ്ഥലവുമാണ് ഇപ്പോൾ ട്രഷറിക്കുള്ളത്. രേഖകൾ പ്രകാരം ട്രഷറി നിൽക്കുന്നത് പുറംപോക്കിലാണ്. അൻപത് വർഷം മുമ്പ് ഒരുഭാഗം വാർത്ത് പുനരുദ്ധാരണവും നടത്തിയ ഭാഗത്താണ് അൽപ്പം സുരക്ഷയുള്ളത്.
2019 - 20 ബഡ്ജറ്റിൽ ഒന്നരക്കോടി അനുവദിച്ചു
ധനകാര്യ വകുപ്പ് ഒന്നരക്കോടി രൂപയാണ് സബ്ട്രഷറിക്ക് കെട്ടിടം പണിയുന്നതിനായി 2019 - 20 ബഡ്ജറ്റിൽ അനുവദിച്ചിരുന്നത്. എന്നാൽ ഉടമസ്ഥാവകാശ രേഖകളില്ലാത്തതിനാൽ കെട്ടിടം പണി നടന്നില്ല. ഇരുനില കെട്ടിടത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിട്ടുമുണ്ട്. പുറംപോക്ക് ഭൂമി ട്രഷറിക്ക് സ്വന്തമായാൽ മാത്രമേ കെട്ടിടം പണിയാൻ കഴിയുകയുള്ളു. ഇതിനുള്ള നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. തത്ക്കാല രക്ഷയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഷീറ്റിടാനായി എത്തിയപ്പോഴും തുക കൂടുതലാണെന്ന കാരണത്താൽ നടന്നില്ല.