
തിരുവല്ല : തിരുമൂലപുരത്ത് സ്ഥാപിതമായ മിശിഹാനുകരണ സന്യാസിനീ സമൂഹം (ബഥനി) നൂറുവർഷം പൂർത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ബഥനി സന്യാസിനീ സമൂഹം സ്ഥാപിതമായ തിരുമൂലപുരത്ത് 18ന് രാവിലെ 10.30ന് നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനം ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ ഡോ.മദർ ആർദ്ര അദ്ധ്യക്ഷത വഹിക്കും. അതിഭദ്രാസനാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വീണാജോർജ് ലോഗോ പ്രകാശനം ചെയ്യും. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് റവ.ഡോ.തോമസ് തറയിൽ, തിരുവല്ല പ്രൊവിൻഷ്യൽ സുപ്പീര്യർ റവ.മദർ ജോബ്സി, കൊല്ലം രൂപതാദ്ധ്യക്ഷൻ റവ.ഡോ.പോൾ ആന്റണി, ഓർത്തഡോക്സ് കോട്ടയം രൂപതാദ്ധ്യക്ഷൻ റവ.ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ്, ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
10ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തിഡ്രൽ കബർ ചാപ്പലിൽ നിന്ന് തിരുവല്ല പ്രൊവിൻഷ്യൽ ഹൗസിലേക്ക് ദീപശിഖാ പ്രയാണം നടക്കുമെന്നും ശതാബ്ദിയോട് അനുബന്ധിച്ച് നൂറ് വീടുകൾ നിർമ്മിച്ചു നൽകുമെന്നും സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ ഡോ മദർ ആർദ്ര, അസി.സുപ്പീരിയർ ജനറൽ സിസ്റ്റർ ചില്ലി ജോസ്, മദർ ജോബ്‌സി, മദർ തമീം, സി.ശാന്തി, സിസ്റ്റർ ആഗ്നെറ്റ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1925 സെപ്റ്റംബർ 21നാണ് മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ ബഥനി സന്യാസിനി സമൂഹം ആരംഭിച്ചത്. അഞ്ചു പ്രോവിൻസുകളിലായി 940 സമർപ്പിത സഹോദരിമാരും 170 മഠങ്ങളും 145 സ്ഥാപനങ്ങളുമായി രാജ്യത്തും പുറത്തുമായി ആദ്ധ്യാത്മിക, സാംസ്കാരിക,വിദ്യാഭ്യാസ, ആതുരസേവന മിഷൻ പ്രവർത്തനങ്ങളിൽ ബഥനി സിസ്റ്റേഴ്സ് ഏർപ്പെട്ടിരിക്കുന്നു.